മാലേഗാവ് ഇനി 'ഇസ്ലാം പാര്‍ട്ടി' ഭരിക്കും; ഏറ്റവും വലിയ ഒറ്റക്കക്ഷി, പിന്നില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ
മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു നഗര പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്നത്. രാജ്യത്തെ ഏറ്റവും സമ്പന്നമായ കോര്‍പ്പറേഷനായ ബിഎംസി അടക്കം ഒട്ടുമിക്ക കോര്‍പ്പറേഷനും ബിജെപി നേതൃത്വത്തിലുള്ള മഹായുതിയാണ് വിജയിച്ചത്. എന്നാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും രാഷ്ട്രീയമായി വ്യത്യസ്ത നഗരങ്ങളിലൊന്നായ മാലേഗാവ് ഒരിക്കല്‍ കൂടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ഇവിടെ ഇസ്ലാം പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ കക്ഷിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഷെയ്ഖ് ആസിഫ് ആണ് ഇസ്ലാം പാര്‍ട്ടി രൂപീകരിച്ചത്. ഇന്ത്യന്‍ സെക്കുലര്‍ ലാര്‍ജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്ട്ര പാര്‍ട്ടി എന്നതിന്റെ ചുരുക്കപ്പേരാണ് ഇസ്ലാം. 84 അംഗ സിവില്‍ ബോഡിയില്‍ 35 സീറ്റ് നേടിയാണ് ഇസ്ലാം പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.

സഖ്യകക്ഷിയായ എസ്പി അഞ്ച് സീറ്റ് നേടിയതോടെ കോര്‍പ്പറേഷന്‍ മേയറെ നിയമിക്കാനൊരുങ്ങുകയാണ് ഇസ്ലാം പാര്‍ട്ടി. ഭരണകക്ഷിയായ മഹായുതിക്കും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്കും പുറത്ത് അധികാരം നിലനില്‍ക്കുന്ന സംസ്ഥാനത്തെ ചുരുക്കം ചില നഗരങ്ങളില്‍ ഒന്നായി മാലേഗാവിനെ മാറ്റാനാണ് ഈ സഖ്യം ഇപ്പോള്‍ ഒരുങ്ങുന്നത്. ന്യൂനപക്ഷ രാഷ്ട്രീയത്താല്‍ രൂപപ്പെട്ട ഒരു നഗരമാണ് മാലേഗാവ്.
മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 11.56% മുസ്ലീങ്ങളാണ്. എന്നാല്‍ മാലേഗാവില്‍ ഈ കണക്ക് ഏകദേശം 78% ആയി ഉയരുന്നു, ഇത് നഗര രാഷ്ട്രീയത്തില്‍ സമുദായത്തിന് നിര്‍ണായക പങ്ക് നല്‍കുന്നു. സ്വാതന്ത്ര്യത്തിനുശേഷം സ്ഥിരമായി ഒരു മുസ്ലീം എംഎല്‍എയെ തിരഞ്ഞെടുക്കുന്ന സംസ്ഥാനത്തെ അപൂര്‍വ നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് മാലേഗാവ് സെന്‍ട്രല്‍. അന്തരിച്ച ഷെയ്ഖ് റഷീദിന്റെ മകനാണ് ഇസ്ലാം പാര്‍ട്ടി നേതാവ് ഷെയ്ഖ് ആസിഫ്.
മലേഗാവ് മേയറായി സേവനമനുഷ്ഠിച്ച ശേഷം ആസിഫ് 2014 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലെത്തി. എന്നാല്‍ 2022 ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, ആസിഫ് ഇസ്ലാം പാര്‍ട്ടി ആരംഭിച്ചു. ഇസ്ലാമിനെ ലക്ഷ്യം വച്ചുള്ള ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി എന്നോണമാണ് പാര്‍ട്ടി സ്ഥാപിക്കപ്പെടുന്നത്.
''ബിജെപി അധികാരത്തില്‍ വന്നതിനുശേഷം, പ്രസ്താവനകളിലൂടെ ഇസ്ലാമിനെതിരെ നിരന്തരമായ ആക്രമണം നടക്കുന്നുണ്ട്. അതിനെതിരെ പ്രതികരിക്കുന്നതിനാണ് ഈ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്,'' സംഘടന പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. ഇസ്ലാം പാര്‍ട്ടിയുടെ ഉയര്‍ച്ച സംസ്ഥാനത്തുടനീളം ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും ഇത് മാലേഗാവില്‍ മാത്രമൊതുങ്ങും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
അതേസമയം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എഐഎംഐഎം 21 സീറ്റോടെ രണ്ടാം സ്ഥാനത്തെത്തി. ശിവസേന 18 സീറ്റ് നേടിയപ്പോള്‍ ബിജെപിക്ക് രണ്ടു സീറ്റ് മാത്രമാണുള്ളത്.












Click it and Unblock the Notifications