'ക്യൂട്ട് അല്ലേ'; സോണിയയുടെ താടിക്ക് പിടിച്ച് തമാശ പറയുന്ന രാഹുൽ, വൈറൽ വീഡിയോ
ദില്ലി: അമ്മയായ സോണിയ ഗാന്ധിയോടുള്ള സ്നേഹവും കരുതലും വ്യക്തമാക്കുന്ന രാഹുൽ ഗാന്ധിയുടെ നിരവധി ഫോട്ടോകളും വീഡിയോകളും മുൻപേ തന്നെ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി അക്കൂട്ടത്തിലൊരു വീഡിയോ കൂടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം. വാത്സല്യത്തോടെയും കുസൃതിയോടെയുമുള്ള രാഹുലിന്റെ പെരുമാറ്റം ഇതിനോടകം വൈറലായി കഴിഞ്ഞു.

സോണിയാ ഗാന്ധിയ്ക്ക് അരികിലായി ഇരുന്ന് സംസാരിക്കുന്ന രാഹുൽ ഗാന്ധിയാണ് വീഡിയോയിൽ ഉള്ളത്. ഇവർക്കരികിൽ മറ്റൊരു സ്ത്രീ കൂടി ഇരിക്കുന്നുണ്ട്. സംസാരത്തിനിടിൽ സോണിയയുടെ താടിക്ക് പിടിച്ച് സ്നേഹത്തോടെ രാഹുൽ എന്തോ പറയുന്നത് വീഡിയോയിൽ കാണാം. എന്നാൽ മകന്റെ കുസൃതി കാട്ടലിനെതിരെ അടുത്തിരിക്കുന്ന സ്ത്രീയോട് തമാശാ രൂപേണ സംസാരിക്കുകയാണ് സോണിയ . വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

ഇതാണ് യഥാർത്ഥ കാൻഡിഡ് വീഡിയോയെന്നും അല്ലാതെ ചിലർ തിരഞ്ഞെടുപ്പ് അടുക്കമ്പോൾ അമ്മയുടെ അടുത്തേക്ക് കാമറയുമായി പോകുന്നതല്ലെന്നുമാണ് ചിലർ കുറിച്ചത്. രാഹുൽ ഗാന്ധി നല്ലൊരു മനുഷ്യനാണ്. എന്നാൽ മറ്റുള്ളവർ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിന് നൽകാൻ സാധിക്കുന്നില്ല', എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയ്ക്കൊപ്പമുള്ള മറ്റൊരു ഫോട്ടോ രാഹുൽ ഗാന്ധി പങ്കുവെച്ചിരുന്നു. താൻ സ്നേഹം പ്രചരിപ്പിക്കുകയാണെന്നും അമ്മയിൽ നിന്നുമാണ് താൻ സ്നേഹിക്കാൻ പഠിച്ചതെന്നുമായിരുന്നു ഫോട്ടോയ്ക്ക് കീഴെ രാഹുൽ ഗാന്ധി കുറിച്ചത്. ഈ ഫോട്ടോ വലിയ രീതിയിൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തിരുന്നു.

അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനവരി 3 ന് പുനഃരാരംഭിക്കും. അതിനിടെ യാത്രയിൽ സുരക്ഷ വീഴ്ചയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.

ശനിയാഴ്ച ഡല്‍ഹിയില്‍ പ്രവേശിച്ചതു മുതല്‍ ഭാരത് ജോഡോ യാത്രയുടെ സുരക്ഷയില്‍ നിരവധി തവണ വീഴ്ചകളുണ്ടായതായി ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. സെഡ് പ്ലസ് സെക്യൂരിറ്റി ഉണ്ടായിട്ട് കൂടി ആവശ്യത്തിന് സുരക്ഷ രാഹുലിന് ലഭിച്ചില്ലെന്ന് വേണുഗോപാൽ കത്തിൽ പറയുന്നു.












Click it and Unblock the Notifications