ഹവാല ഇടപാടുകാരന്റെ കുളിമുറിയിലെ ചുവരില്‍ 5.7 കോടിയുടെ പുതിയ നോട്ടുകള്‍
ബെംഗളുരു: പുതിയ കറന്‍സി നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍തന്നെ കെട്ടുകണക്കിന് നോട്ടുകള്‍ കള്ളപ്പണക്കാരുടെ കൈയ്യില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ ആദായനികുതിവകുപ്പ് നടത്തിയ പരിശോധനകളില്‍ ഇക്കാര്യം വ്യക്തമാണ്. ഏറ്റവും ഒടുവില്‍ ബെംഗളുരുവിലെ ഒരു ഹവാല ഇടപാടുകാരന്റെ കുളിമുറിയിലെ ടൈല്‍സിനടിയില്‍ നിന്ന് 5.7 കോടിയുടെ പുതിയ നോട്ടുകളാണ് കണ്ടെത്തിയത്.
ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധനയിലാണ് അനധികൃത കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തത്. 5.7 കോടിയുടെ പുതിയ നോട്ടുകള്‍ കൂടാതെ 32 കിലോയുടെ സ്വര്‍ണ്ണവും 90 ലക്ഷം രൂപ വില വരുന്ന പഴയ നോട്ടുകളും കണ്ടെത്തി. കുളിമുറിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.

വാഷ് ബേസിനടിയിലായി ചുമരിലൊട്ടിച്ച ടൈല്‍സിനടിയില്‍ രഹസ്യമായുണ്ടാക്കിയ സ്റ്റീല്‍ സേഫില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണവും സ്വര്‍ണ്ണവും. ചിതലരിക്കാതിരിക്കാനായി സേഫ് അണു വിമുക്തമാക്കിയിരുന്നു. രഹസ്യഅറയില്‍ നിന്നും ആദായനികുതി വകുപ്പിനെപ്പോലും ഞെട്ടിക്കുന്നത്രയും സമ്പാദ്യമാണ് കണ്ടെടുത്തത്.
അതേസമയം, ആരുടെ പക്കല്‍നിന്നാണ് ഇവ പിടികൂടിയിരിക്കുന്നത് എന്ന കാര്യം ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് ഇത്രയും തുകയുടെ പുതിയ കറന്‍സി നോട്ടുകള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വഴിയാണ് ലഭിച്ചതെന്നാണ് സംശയിക്കുന്നത്. ഇവരെയും അടുത്തദിവസം ചോദ്യം ചെയ്യും.












Click it and Unblock the Notifications