'അധികാരപരിധിയിൽ വരില്ല, എസ്‌ഇസി തട്ടിപ്പ് കേസ് തള്ളണം'; യുഎസ് കോടതിയെ സമീപിച്ച് അദാനി
തങ്ങൾക്കെതിരായ യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ (എസ്.ഇ.സി.) ഓഹരി തട്ടിപ്പ് കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോടതിയെ സമീപിച്ച് ശതകോടീശ്വരൻ ഗൗതം അദാനിയും മരുമകൻ സാഗർ അദാനിയും. കേസ് അമേരിക്കൻ അധികാരപരിധിക്ക് പുറത്തുള്ളതും നിയമപരമായി നിലനിൽക്കാത്തതുമാണെന്നാണ് ഏപ്രിൽ 30-ലെ ഹർജിക്ക് മുന്നോടിയായി നൽകിയ കത്തിലെ മുഖ്യ വാദം.
2024 നവംബറിലാണ് അദാനിക്കും സാഗറിനുമെതിരെ നിയമ നടപടി ആരംഭിച്ചത്. അദാനി ഗ്രീൻ എനർജിയുടെ 2021-ലെ ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥരുമായുള്ള കൈക്കൂലി ആരോപണങ്ങൾ വെളിപ്പെടുത്താതെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എസ്.ഇ.സി കുറ്റം ചുമത്തിയത്. എന്നാൽ, യുഎസ് കോടതിക്ക് വ്യക്തിപരമായ അധികാരപരിധിയില്ലെന്നാണ് അദാനിയുടെ വാദം. തങ്ങൾക്കാർക്കും യു.എസുമായി മതിയായ ബന്ധങ്ങളോ ബോണ്ട് വിതരണത്തിൽ നേരിട്ടുള്ള പങ്കാളിത്തമോ ഇല്ലെന്നും അവർ വ്യക്തമാക്കി.

റൂൾ 144എ, റെഗുലേഷൻ എസ് ഇളവുകൾ പ്രകാരം യു.എസിന് പുറത്താണ് 750 ദശലക്ഷം ഡോളറിന്റെ ഈ ബോണ്ട് വിൽപ്പന നടന്നത്. സെക്യൂരിറ്റികൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ലിസ്റ്റ് ചെയ്യാത്തതിനാലും, കമ്പനി ഇന്ത്യയിലായതിനാലും, ആരോപിക്കപ്പെട്ട ദുരുപയോഗങ്ങൾ പൂർണ്ണമായും ഇന്ത്യയിൽ നടന്നതിനാലും എസ്.ഇ.സിയുടെ കേസ് യു.എസിന്റെ അധികാരപരിധിക്ക് അതീതമെന്ന് ഹർജിയിൽ വാദിക്കുന്നു. ഗൗതം അദാനി ബോണ്ട് വിതരണം അംഗീകരിക്കുകയോ പ്രധാന യോഗങ്ങളിൽ പങ്കെടുത്തുവെന്നോ പരാതിയിൽ പറയുന്നില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
യുഎസ് സെക്യൂരിറ്റീസ് നിയമങ്ങൾ പ്രയോഗിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയായ "ആഭ്യന്തര ഇടപാട്" തെളിയിക്കുന്നതിൽ എസ്.ഇ.സി പരാജയപ്പെട്ടെന്ന് യുഎസ് സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച്, പ്രതിഭാഗം വാദിച്ചു. നിക്ഷേപകർക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ ബോണ്ടുകൾ 2024-ൽ കാലാവധി പൂർത്തിയാകുകയും പലിശ സഹിതം പൂർണ്ണമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. കൈക്കൂലി ആരോപണങ്ങളും അദാനികൾ നിഷേധിച്ചു.
അത്തരം അവകാശവാദങ്ങൾക്ക് വിശ്വസനീയമായ തെളിവുകളില്ലെന്ന് അദാനികൾ പറഞ്ഞു. എസ്.ഇ.സി ഉദ്ധരിച്ച കോർപ്പറേറ്റ് ഉറപ്പുകൾ (ESG), അഴിമതി വിരുദ്ധ നടപടികൾ, കമ്പനിയുടെ സൽപ്പേര് എന്നിവ "പൊതുവായ ശുഭാപ്തിവിശ്വാസം" (puffery) മാത്രമാണെന്നും നിക്ഷേപകർക്ക് ന്യായമായും ആശ്രയിക്കാൻ കഴിയാത്തവയാണെന്നും വാദത്തിൽ പറയുന്നു. തങ്ങളെ ഏതെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുമായി ബന്ധിപ്പിക്കാനോ വഞ്ചിക്കാനുള്ള ഉദ്ദേശ്യം സ്ഥാപിക്കാനോ എസ്.ഇ.സിക്ക് കഴിഞ്ഞിട്ടില്ല. കേസ് പൂർണ്ണമായി തള്ളിക്കളയണമെന്നും അദാനികൾ ആവശ്യപ്പെട്ടു.












Click it and Unblock the Notifications