'ഓഡിയോ ക്ലിപ്പിലെ ശബ്ദം സുപ്രിയയുടേത് തന്നെ', അന്വേഷണം നടത്തുമെന്ന് അജിത് പവാർ; മറുപടിയുമായി സുപ്രിയ സുലെ
മുംബൈ: അനധികൃത ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം എൻ സി പി നേതാവ് സുപ്രിയ സുലേയുടേതാണെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി അജിത് പവാർ. സുപ്രിയയുടെ ശബ്ദം തനിക്ക് വ്യക്തമായി തിരിച്ചറിയാമെന്നും രണ്ടാമത്തെ ശബ്ദത്തിനുടമ തനിക്കൊപ്പം പ്രവർത്തിച്ച നേതാവ് തന്നെയാണെന്നും അജിത് പവാർ പറഞ്ഞു. തട്ടിപ്പിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ചെയ്തതിന് പിന്നാലെയായിരുന്നു അജിത് പവാറിന്റെ പ്രതികരണം.
'വോയിസ് ക്ലിപ്പിലെ ടോണിൽ നിന്ന് തന്നെ എനിക്ക് ആ ശബ്ദം തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. അതിലൊന്ന് എന്റെ സഹോദരിയുടേത് തന്നെയാണ്. രണ്ടാമത്തെ ശബ്ദത്തിന്റെ ഉടമയ്ക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തും. സത്യം പുറത്തുവരും', അജിത് പവാർ പറഞ്ഞു.

അതേസമയം തനിക്കെതിരായ ആരോപണങ്ങൾ സുപ്രിയ സുലെ തള്ളി. അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്നും അവർ വ്യക്തമാക്കി. 'തനിക്കെതിരായ ഓഡിയോ പുറത്തുവിട്ട സുധാൻഷു ത്രിവേദിയുടെ ഏത് ചോദ്യങ്ങൾക്കും മറുപടി പറയാൻ ഒരുക്കമാണ്. അദ്ദേഹം തിരഞ്ഞെടുക്കുന്ന ഏത് സ്ഥലത്തും സമയത്തും പ്ലാറ്റ്ഫോമിലും എത്താൻ ഞാൻ തയ്യാറാണ്. ആരോപണങ്ങൾക്ക് ഞാൻ മറുപടി നൽകും. കാരണം എല്ലാ ആരോപണങ്ങളും തീർത്തും തെറ്റാണ്', സുപ്രിയ സുലെ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപാണ് എന്‍ സി പി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേയ്‌ക്കും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ എതിരെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് ആരോപണവുമായി ബി ജെ പി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് മഹാവികാസ് അഘാഡി സഖ്യത്തിന് അനുകൂലമാക്കാൻ അനധികൃത ക്രിപ്റ്റോ കറൻസി ഇടപാട് നടത്തയെന്നും തട്ടിപ്പിലൂടെ നേടിയെടുത്ത പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചുവെന്നുമാണ് ആരോപണം. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രനാഥ് പാട്ടീലാണ് ആരോപണം ഉയർത്തിയത്. ഇത് ബി ജെ പി ഏറ്റെടുക്കുകയായിരുന്നു. ആരോപണം സ്ഥാപിക്കുന്നതിനായി ബി ജെ പി വക്താവ് സുധാംശു ത്രിവേദി സുപ്രിയ സുലെ, നാനാ പട്ടോലെ എന്നിവരുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടു.
പരാജയം മുന്നിൽ കണ്ടാണ് കോൺഗ്രസും എൻസിപിയും അനധികൃത ഇടപാട് നടത്തിയതെന്ന് സുധാംശു ആരോപിച്ചു. ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്ന വലിയ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇടപാടിൽ ഏതൊക്കെ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് മറുപടി നൽകണമെന്നും സുധാംശു പറഞ്ഞു.












Click it and Unblock the Notifications