എക്സിറ്റ് പോളുകൾക്ക് എക്സിറ്റ് ആകാനുള്ള സമയമാണിത്; ബിജെപി വിജയത്തെ തള്ളി ജയ്റാം രമേശ്
ദില്ലി: ഗുജറാത്തിലും ഹിമാചലിലും ബി ജെ പി ജയിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. എക്സിറ്റ് പോളുകൾക്ക് എക്സിറ്റ് ആകാനുള്ള സമയമാണിതെന്നായിരുന്നു അദ്ദേഹം പറഞ്ഞു.
എക്‌സിറ്റ് പോൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ അന്യായമാണ്. ആരാണ് ഈ എക്സിറ്റ് പോളുകൾ നടത്തുന്നതെന്നും ആരുടെ സ്വാധീനത്തിലാണ്, എന്തിനാണ് അവ നടത്തുന്നതെന്നും നമുക്കറിയാം. ഈ എക്സിറ്റ് പോളുകളിൽ ഞാൻ വിശ്വസിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു.ജനാധിപത്യ സ്ഥാപനങ്ങള്‍ നിര്‍ജീവമായിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാർ പ്രതികരിച്ചു.

ഗുജറാത്തിൽ ബി ജെ പി ഭൂരിപക്ഷത്തോടെ വിജയിക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. വലിയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേറുമെന്നും ഞാൻ അവകാശപ്പെടുന്നില്ല. എന്നാൽ നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ നിർജീവമായിക്കൊണ്ടിരിക്കുകയാണ്, ജനങ്ങളുടെ ആശങ്കകൾ അവഗണിക്കപ്പെടുകയാണ്', കനയ്യ കുമാർ പറഞ്ഞു.
ഗുജറാത്ത്, ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി തന്നെ അധികാര തുടർച്ച നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഗുജറാത്തിൽ വലിയ ഭൂരിപക്ഷത്തോടെയുള്ള ബി ജെ പി വിജയമാണ് പ്രവചിക്കുന്നത്. 130 വരെ സീറ്റുകളാണ് ബി ജെ പി സാധ്യത കൽപ്പിക്കുന്നത്. അതേസമയം കോൺഗ്രസിന് 50 വരെ സീറ്റുകളും സർവ്വേകൾ പറയുന്നു. എന്നാൽ ആം ആദ്മി പാർട്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നും സർവ്വേകൾ വ്യക്തമാക്കുന്നു.
182 അംഗ നിയമസഭയിൽ 99 സീറ്റുകളായിരുന്നു 2017 ൽ ബി ജെ പി നേടിയത്. 125 നും 130 നും ഇടയിൽ സീറ്റുകൾ ഇക്കുറി തങ്ങൾക്ക് ലഭിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. അതേസമയം ആം ആദ്മിയുടെ സാന്നിധ്യം ആർക്ക് തിരിച്ചടിയാകുമെന്നതും ഉറ്റുനോക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിംഗിൽ ഇടിഞ്ഞത് പാർട്ടികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 2017 നെ അപേക്ഷിച്ച് 6 ശതമാനം കുറവാണ് ഇത്തവണ രണ്ടാം ഘട്ടത്തിലെ പോളിംഗിൽ ഉണ്ടായത്. അഹമ്മദാബാദിൽ 51.4 ശതമാം, വഡോദര 54.53 ശതമാനം, ഗാന്ധി നഗർ 52 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്. ഒന്നാം ഘട്ടത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പോളിംഗിൽ മൂന്ന് ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു. പോളിംഗിലെ കുറവ് ആർക്ക് ഗുണമാകുമെന്നതാണ് ഉയരുന്ന ചോദ്യം. ഡിസംബർ 8 നാണ് ഗുജറാത്തിൽ വോട്ടെണ്ണെൽ .












Click it and Unblock the Notifications