മോഡിയെ അവഗണിക്കരുതെന്ന് ഒമര്‍
ശ്രീനഗര്‍: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയെ അവഗണിക്കുകയാണെങ്കില്‍ അത് ഗുരുതരമായ തെറ്റായിരിക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. യുപിഎ സര്‍ക്കാരിന് ജനങ്ങള്‍ക്ക് മോഡിക്കെതിരെ നല്ലൊരു ബദല്‍ പോലും വക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഒമര്‍ കുറ്റപ്പെടുത്തി.
ഹിന്ദുസ്താന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ ഇപ്രകാരം പറഞ്ഞത്. മോഡിയെ അവഗണിക്കുന്നത് യുപിഎയെ സംബന്ധിച്ച് മണ്ടത്തരമായിരിക്കും എന്നാണ് ഒമര്‍ പറഞ്ഞത്.

ആറ് മാസം മുമ്പാണ് മോഡി ഫാക്ടറിനെക്കുറിച്ച് ചോദിച്ചിരുന്നതെങ്കില്‍ തന്റെ ഉത്തരം മറിച്ചാകുമായിരുന്നു. മോഡിക്ക് യാതൊരു സ്വാധീനവും ഇല്ല എന്നായിരുന്നിരിക്കും അത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. മോഡിയുടെ വരവോടെ ബിജെപി പ്രവര്‍ത്തകര്‍ വലിയ പ്രചോദനം നേടിയിട്ടുണ്ട. ജമ്മു കശ്മീരില്‍ പോലും ചിലര്‍ മോഡിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരം തിരിച്ച് പിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്- ഒമര്‍ പറയുന്നു.
തന്റെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍ക്കൊള്ളുന്ന യുപിഎയുടെ പ്രകടനം അത്ര പോര എന്ന് തന്നെയാണ് ഒമറിന്റെ അഭിപ്രായം. മോഡി അല്ലാതെ മറ്റൊരു ബദല്‍ ജനങ്ങള്‍ക്ക് മുന്നോട്ട് വക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സൈനിക മേധാവി ജനറല്‍ സിങിന്റെ വിവാദ പരാമര്‍ശത്തോടും ഒമര്‍ പ്രതികരിച്ചു. ജമ്മു കാശ്മീരിലെ രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കും സൈന്യം കാലങ്ങളായി പണം നല്‍കുന്നുണ്ടെന്നായിരുന്നു സിങിന്റെ വെളിപ്പെടുത്തല്‍.
തങ്ങളെ സൈന്യത്തിന്റെ പണം വാങ്ങുന്ന ഏജന്റുമാരായാണ് വികെ സിങ് ചിത്രീകരിച്ചത്. 1990 കളില്‍ ഉണ്ടായ പ്രതിഭാസമാണ് കശ്മീരിലെ ആക്രമണ സംഭവങ്ങള്‍. അപ്പോള്‍ 90 കള്‍ക്ക് മുമ്പ് സൈന്യം ആര്‍ക്കാണ് പണം കൊടുത്തിരുന്നത്- ഒമര്‍ ചോദിച്ചു.
രാജ്യത്ത് രാഷ്ട്രീയമില്ലാത്ത അപൂര്‍വ്വം സമവിധാനങ്ങളില്‍ ഒന്നാണ് സൈന്യം. അതിന് കത്തിവക്കുന്ന രീതിയിലാണ് വികെ സിങിന്റെ പെരുമാറ്റം. സര്‍ക്കാരിനെ കോടതി കയറ്റുന്ന നടപടിയെടുത്ത വികെ സിങിന്റെ മുഖത്തേക്ക് അദ്ദേഹത്തിന്റെ സര്‍വ്വീസ് വലിച്ചറിയേണ്ടതായിരുന്നുവെന്നും ഒമര്‍ പറഞ്ഞു.












Click it and Unblock the Notifications