'ഇത് എക്സിറ്റ് പോൾ അല്ല, മോദി പോൾ'; തള്ളി രാഹുൽ ഗാന്ധിയും..'ഇന്ത്യ സഖ്യം 295 സീറ്റുകൾ വരെ നേടും'
ഡൽഹി: കൂറ്റൻ ഭൂരിപക്ഷത്തിൽ എൻ ഡി എ വീണ്ടും അധികാരത്തിലേറുമെന്ന എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിറ്റ് പോളുകൾ 'മോദി പോളുകൾ' ആണെന്നും ഇന്ത്യ സഖ്യം 295 സീറ്റുകൾ വരെ നേടുമെന്നും രാഹുൽ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് എക്സിറ്റ് പോൾ അല്ല, ഒരു ഫാന്റസി പോൾ ആണ്, മോദി പോൾ ആണ്. നിങ്ങൾ സിദ്ധു മൂസാവാലെയുടെ 295 എന്ന പാട്ട് കേട്ടിട്ടുണ്ടോ? അത്രയും സീറ്റുകളാണ് ഞങ്ങൾ ജയിക്കാൻ പോകുന്നത്', രാഹുൽ ഗാന്ധി പറഞ്ഞു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും എക്സിറ്റ് പോൾ ഫലങ്ങളെ പരിഹസിച്ച് രംഗത്തെത്തി. ഈ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ മാസങ്ങൾക്ക് മുമ്പ് തയ്യാറാക്കിയതാണെന്ന് അദ്ദേഹം ആരോപിച്ചു. എക്‌സിറ്റ് പോളുകൾ ഉപയോഗിച്ച് ഷെയർ മാർക്കറ്റ് ലാഭം വർദ്ധിപ്പിക്കാനാണ് ബി ജെ പി അനുഭാവികൾ ആഗ്രഹിക്കുന്നത്. അവരുടെ മുഖത്ത് നിന്ന് സത്യം വായിച്ചെടുക്കാം',അഖിലേഷ് യാദവ് പറഞ്ഞു.

ഇവിഎം മെഷീനുകൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടണ്ണൽ പൂർത്തിയാകും വരെ ജാഗരൂകരായിരിക്കുക. വിജയിച്ചെന്ന സർട്ടിഫിക്കറ്റ് വാങ്ങിയതിന് ശേഷം മാത്രം ആഘോഷത്തിന് ഇറങ്ങുക', അദ്ദേഹം പറഞ്ഞു.
തുടർച്ചയായ മൂന്നാം തവണയും ബി ജെ പിയുടെ നേതൃത്വത്തിൽ എൻ ഡി എ അധികാരത്തുടർച്ച നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. 350 വരെ സീറ്റുകൾ വരെയാണ് പല സർവ്വേകളും സാധ്യത പറയുന്നത്. നേപത്തേ തനിച്ച് 370 സീറ്റുകളും എൻ ഡി എയ്ക്ക് 400 സീറ്റും നേടാനാകുമെന്നായിരുന്നു ബി ജെ പിയുടേയും നരേന്ദ്ര മോദിയുടേയും അവകാശവാദം. എന്നാൽ 400 സീറ്റെന്ന കൂറ്റൻ സംഖ്യ തൊടാൻ എൻ ഡി എയ്ക്ക് സാധിക്കില്ലെന്നാണ് സർവ്വേകൾ പറയുന്നതെന്ന് ശ്രദ്ധേയമാണ്. അതേസമയം ദക്ഷിണേന്ത്യയിൽ എൻ ഡി എയുടെ പ്രവർത്തനങ്ങൾ ഇക്കുറി വിജയം കാണുമെന്ന സർവ്വേ പ്രവചനങ്ങൾ ബി ജെ പിക്ക് വലിയ ആത്മവിശ്വാസം നൽകുന്നത്. ബി ജെ പി ബാലികേറാമലയായി കണക്കാക്കിയിരുന്ന കേരളത്തിലും തമിഴ്നാട്ടിലും ഇക്കുറി പാർട്ടി അക്കൗണ്ട് തുറക്കുമെന്നാണ് സർവ്വേകൾ പ്രവചിക്കുന്നത്. ഓരോ സീറ്റ് വീതം നേടാനാകുമെന്നാണ് പ്രവചനം.












Click it and Unblock the Notifications