ആമിര്‍ ഖാന്റെ പരാമര്‍ശം; ദമ്പതികളുടെ തര്‍ക്കത്തിനൊടുവില്‍ ഭാര്യ ആത്മഹത്യ ചെയ്തു
ജബല്‍പുര്‍: ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ കഴിഞ്ഞദിവസം നടത്തിയ അസഹിഷ്ണുത പരാമര്‍ശത്തെചൊല്ലി രാജ്യത്ത് ചര്‍ച്ചകള്‍ നടന്നുവരവെ വിഷയത്തില്‍ തര്‍ക്കിച്ച ദമ്പതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ലാഹിരി അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചുവരികയായിരുന്ന അയങ്ക് പാണ്ഡെയുടെ ഭാര്യ സോനാല്‍ പാണ്ഡയാണ് ആത്മഹത്യ ചെയ്തത്.
ആമിര്‍ഖാന്റെ പരാമര്‍ശത്തെ ചൊല്ലി കടുത്ത വാഗ്വാദമാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ നടത്തിയത്. പരാമര്‍ശത്തെ ഒരാള്‍ എതിര്‍ത്തപ്പോള്‍ മറ്റേയാള്‍ അനുകൂലിച്ചും വാക്കേറ്റമുണ്ടായി. വാഗ്വാദം കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നവിധം ശക്തമാകുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് തന്റെ അഭിപ്രായത്തെ കടുത്ത ഭാഷയില്‍ അപമാനിച്ച് സംസാരിച്ചെന്ന് തോന്നിയ ഭാര്യ പിന്നീട് വിഷം കഴിക്കുകയായിരുന്നു.

അവശനിലയില്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവില്‍ നിന്നും പോലീസ് മൊഴിയെടുത്തു. യുവതിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും കേസെടുത്ത് അന്വേഷിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്നും മകന്റെ സുരക്ഷിതത്വത്തെ ചൊല്ലി ആശങ്കയിലാണ്ട ഭാര്യ ഇന്ത്യവിടാന്‍ പോലും ഒരിക്കല്‍ ആലോചിച്ചെന്ന് ആമിര്‍ ഖാന്‍ ഒരു പരിപാടിക്കിടെ സംസാരിച്ചിരുന്നു. സംഭവം വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കിയത്. ആമിറിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ചര്‍ച്ചകള്‍ രണ്ടുദിവസം കഴിഞ്ഞിട്ടും തുടരുകയാണ്.












Click it and Unblock the Notifications