അഞ്ച് ഉപമുഖ്യമന്ത്രിമാര്‍!! ചരിത്രത്തില്‍ ആദ്യം! ഇത് ജഗന്‍റെ മോഹന്‍ റെഡ്ഡി സ്റ്റൈല്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിന്നാലെ സര്‍ക്കാരില്‍ നിര്‍ണായക മാറ്റങ്ങളുമായി ജഗന്‍ മോഹന്‍ റെഡ്ഡി. പുതിയ മന്ത്രിസഭയില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരാണ് ജഗന് ഉണ്ടാകുക. ഇവര്‍ ഉള്‍പ്പെടെ 25 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച രാവിലെ തഡേപ്പള്ളിയിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചുള്ള യോഗത്തിലാണ് തിരുമാനം കൈക്കൊണ്ടത്.

ആന്ധ്രയുടെ അഞ്ച് ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് പേരെയാണ് ഉപമുഖ്യമന്ത്രിമാര്‍ ആക്കിയിരിക്കുന്നത്. റായല്‍സീമ, പ്രകാശം, കൃഷ്ണ ഡെല്‍ട്ട, ഗോദാവരി, വിസാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള പട്ടിക ജാതി, പട്ടിക വര്‍ഗം, പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, കാപു വിഭാഗം എന്നിവരില്‍പ്പെട്ട അഞ്ച് പേരെയാണ് നിയമിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11.49 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
താഴെക്കിടയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കാകും കാബിനറ്റില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുകയെന്ന് ജഗന്‍ വ്യക്തമാക്കി. കാബിനറ്റിന്‍റെ സിംഹഭാഗവും കൈയ്യാളാമെന്ന് റെഡ്ഡി വിഭാഗം സ്വപ്നം കാണേണ്ടതില്ലെന്നും ജഗന്‍ മോഹന്‍ മുന്നറിയിപ്പ് നല്‍കി. രണ്ടര വര്‍ഷത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മന്ത്രിസഭ പുനസംഘടന നടത്തും. ബാക്കി വരുന്ന 25 എംഎല്‍എമാര്‍ക്ക് അടുത്ത ഘട്ടത്തില്‍ അവസരം ലഭിക്കും. മന്ത്രിപദം ലഭിക്കാത്തവര്‍ക്ക് പാര്‍ട്ടിയുടെ ഉന്നത പദവികളിലും നോമിനേറ്റഡ് പോസ്റ്റുകളിലും നിയമിക്കുമെന്നും ജഗന്‍ വ്യക്തമാക്കി.
രാജ്യത്ത് ആദ്യമായാണ് ഒരു കാബിനറ്റില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരെ മുഖ്യമന്ത്രി നിയമിക്കുന്നത്. നേരത്തേ ചന്ദ്രബാബു നായിഡുവിന്‍റെ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിരുന്നു. പിന്നോക്ക വിഭാഗത്തിലും കാപ്പ സമുദായത്തിലും പെട്ടവരായിരുന്നു അന്ന് ഉപമുഖ്യമന്ത്രിമാരായത്.












Click it and Unblock the Notifications