ജഹാംഗീര്‍പുരി: ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് എതിരെ ബൃന്ദ കാരാട്ട് സുപ്രീം കോടതിയിൽ
ദില്ലി: ജഹാംഗീര്‍പുരിയിലെ പൊളിച്ച് നീക്കല്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പൊളിച്ച് നീക്കലുമായി ബന്ധപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് എതിരെ ബൃന്ദ കാരാട്ട് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്റെത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുളള വര്‍ഗീയമായ ഗെയിം പ്ലാന്‍ ആണെന്ന് ബൃന്ദ കാരാട്ട് ആരോപിക്കുന്നു.
ജഹാംഗീര്‍പുരിയില്‍ കയ്യേറ്റം ആരോപിച്ച് കൊണ്ടുളള പൊളിച്ച് നീക്കല്‍ ആരംഭിച്ചത് പ്രദേശത്ത് ഹിന്ദു-മുസ്ലീം സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ്. ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നടപടി നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവും സ്വാഭാവിക നീതിയുടെ ലംഘനവും ഭരണഘടനാ വിരുദ്ധവും ആണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ആര്‍ട്ടിക്കിള്‍ 14, 19,21 എന്നിവയുടെ ലംഘനമാണ് ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നീക്കമെന്നും ബൃന്ദ കാരാട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.

ജഹാംഗീര്‍പുരിയില്‍ താമസിച്ചിരുന്ന ആളുകള്‍ക്ക് ആകെയുണ്ടായിരുന്ന വീടുകളും കെട്ടിടങ്ങളുമാണ് നിയമവിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും പൊളിച്ച് നീക്കാനുളള ശ്രമം നടക്കുന്നതെന്ന് ബൃന്ദ കാരാട്ട് ആരോപിച്ചു. പ്രദേശവാസികള്‍ വളരെ പാവപ്പെട്ടവരും അരികുവത്ക്കരിക്കപ്പെട്ടവരും ആയത് കൊണ്ട് തന്നെ ഈ അതിക്രമത്തെ ചെറുക്കാന്‍ ശേഷി ഇല്ലാത്തവര്‍ ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് താമസിക്കുന്നതില്‍ ഭൂരിപക്ഷവും മുസ്ലീം സമുദായത്തില്‍ നിന്നുളളവരാണ് എന്നും അതുകൊണ്ട് തന്നെ മുസ്ലീം സമുദായത്തെ ഉന്നം വെച്ചുളളതാണ് ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നീക്കമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൊളിച്ച് നീക്കല്‍ തടഞ്ഞ് കൊണ്ടുളള സുപ്രീം കോടതി സ്‌റ്റേ വന്നതിന് ശേഷവും ബുള്‍ഡോസറുകളായി ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടപടി തുടര്‍ന്നിരുന്നു. ബൃന്ദ കാരാട്ട് അടക്കമുളള ഇടത് നേതാക്കളാണ് ബുള്‍ഡോര്‍ തടഞ്ഞ് പൊളിച്ച് നീക്കല്‍ അവസാനിപ്പിച്ചത്.
Recommended Video













Click it and Unblock the Notifications