ജഹാംഗീര്‍പുരി സംഘര്‍ഷം: വെടിയുതിര്‍ത്തയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കുടുംബം
ദില്ലി: ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി റാലിക്കിടെ വെടിയുതിര്‍ത്ത യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശവാദവുമായി കുടുംബം. ഇവിടെ കല്ലേറിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിനിടെയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ഇയാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതേസമയം പ്രതിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ പുറത്തുവിട്ടു. 2005ലാണ് ഈ യുവാവ് ജനിച്ചതെന്നാണ് ഇയാളുടെ കുടുംബം അവകാശപ്പെടുന്നത്. എന്നാല്‍ പോലീസ് ഭാഷ്യ മറ്റൊന്നാണ്. ഇയാള്‍ക്ക് 22 വയസ്സുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്. എഫ്‌ഐആറിലും അങ്ങനെ തന്നെയാണ് പരാമര്‍ശിക്കുന്നത്. ഇതോടെ വലിയ വിവാദമാണ് ഉയര്‍ന്നിരിക്കുന്നത്.

ഇതുവരെ 21 പേരെയാണ് ജഹാംഗീര്‍പൂരിയിലെ അക്രമസംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാളെ കൂടി അവസാനമായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ മുമ്പ് ഒരു മോഷണക്കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഒപ്പം വധക്കേസും ഇയാള്‍ക്കെതിരെയുണ്ട്. പോലീസ് കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ്. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന യുവാവിന്റെ കുടുംബത്തിന്റെ വാദമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നയാളാണ് ഈ യുവാവെന്ന് പോലീസ് പറഞ്ഞു. 2020ല്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. ഈ യുവാവില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കുടുംബം പറയുന്നത് പോലെയല്ലെന്നും, കൃത്യമായ തെളിവുകള്‍ യുവാവിനെതിരെയുണ്ടെന്നും പോലീസ് പറയുന്നു. ജഹാംഗീര്‍പുരി സ്വദേശിയായ അന്‍സാറാണ് കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് പറയുന്നു. അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയിലെ ചുവടുകള്‍ വെച്ചാണ് ഇയാള്‍ കോടതിയിലേക്ക് പോയത്. അന്‍സാറിനെതിരെ രണ്ട് സുപ്രധാന കേസുകള്‍ കൂടിയുണ്ട്. മറ്റൊരു പ്രതി മുഹമ്മദ് അസ്ലമാണ്. ഇയാളാണ് ദില്ലി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇയാള്‍ ഉപയോഗിച്ച പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത മറ്റൊരാള്‍ സലിം എന്ന ചിക്‌നയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ മുമ്പ് കൊള്ള, കൊലപാതക കേസുകളില്‍ പ്രതിയാണ്.
അതേസമയം അറസ്റ്റിലായ 21 പേരും ജഹാംഗീര്‍പുരി നിവാസികളാണ്. ഇതില്‍ രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പ്രതികളില്‍ നിന്നെല്ലാം തോക്കുകളും വാളുകളും കണ്ടെത്തിയിട്ടുണ്ട്. ദില്ലി പോലീസ് ക്രൈംബ്രാഞ്ചും, ജില്ലാ പോലീസും സംയുക്തമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഈ അക്രമങ്ങള്‍ പെട്ടെന്നുള്ള രോഷത്തിന്റെ പുറത്ത് നടന്നതല്ലെന്നും, മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും ദില്ലി പോലീസ് പറഞ്ഞു. അന്‍സാറും അസ്ലമും ഇത്തരമൊരു ചടങ്ങ് നടക്കുന്നുണ്ടെന്നറിഞ്ഞ് ഗൂഢാലോചന നടത്തിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. അതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് ദില്ലി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയെ കണ്ട് കര്‍ശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമികള്‍ താണ്ഡവാടുമ്പോള്‍ അവരെ തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം. അക്രമ സംഭവങ്ങളില്‍ കുട്ടികളുടെ പങ്കാളികളായിട്ടുണ്ട്. ഇതിന് അവരെ പ്രേരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ശിശുക്ഷേമ സമിതി ദില്ലി പോലീസിനോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ കനത്ത പോലീസ് സന്നാഹയം ജഹാംഗീര്‍പുരിയിലുണ്ടായിരുന്നു. ഡ്രോണുകള്‍ വരെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. കൂടുതല്‍ പോലീസ് സന്നാഹത്തെ ഇവിടെ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications