രണ്ടാമത്തെതും പെണ്‍കുഞ്ഞ്; അമ്മ കുട്ടിയെ കത്തികൊണ്ട് കൊലപ്പെടുത്തി
ജയ്പൂര്‍: രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ച രോഷത്തില്‍ അമ്മ കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മ ജയ്പുര്‍ സ്വദേശിയായ നേഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ആദ്യത്തെ പെണ്‍കുട്ടിക്ക് എട്ടുവയസായി. രണ്ടാമത്തെ കുട്ടി ആണ്‍കുട്ടിയാകാന്‍ പ്രാര്‍ഥനയും പൂജയുമടക്കം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
നാലുമാസം മുന്‍പായിരുന്നു രണ്ടാമത്തെ പ്രസവം. കുട്ടി പെണ്‍കുഞ്ഞായതോടെ നേഹ മാനസിക വിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ മാസം 26ന് ആയിരുന്നു ജയ്പുരിലെ വീട്ടില്‍വെച്ച് കുട്ടിയെ കാണാതാകുന്നത്. കുഞ്ഞിനെ കാണാനില്ലെന്ന് മാതാവ് വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിലെ ഉപയോഗശൂന്യമായ എയര്‍ കണ്ടീഷനറിനുള്ളില്‍നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു. ശരീരത്തില്‍ 17ഓളം മുറിവുകളും കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകി അമ്മയാണെന്ന് കണ്ടെത്തിയത്. നേഹയുടെ മുറിയില്‍ പരിശോധന നടത്തിയ പോലീസ് ശുചിമുറിക്കുള്ളില്‍നിന്ന് കുഞ്ഞിന്റെ രക്തവും കുഞ്ഞിന്റെ ശരീരത്തില്‍നിന്നു നേഹയുടെ രക്തവും കണ്ടെത്തി.
തുടര്‍ന്നു പോലീസ്മുറയില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ നേഹ കുറ്റം സമ്മതിക്കുകയായിരുന്നു. ഒരു ആണ്‍കുട്ടി വേണമെന്ന് നേഹ ആഗ്രഹിച്ചിരുന്നതായി പോലീസിനോട് പറഞ്ഞു. എന്നാല്‍, രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതില്‍ താന്‍ അതിയായ നിരാശയിലായിരുന്നെന്നും ഇവര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications