ജെഎഎല്‍ ഏറ്റെടുക്കല്‍; അദാനി ഗ്രൂപ്പിന്റെ ബിഡിനെതിരായ വേദാന്തയുടെ അപ്പീല്‍ തള്ളി ട്രിബ്യൂണൽ
കടക്കെണിയിലായ ജയപ്രകാശ് അസോസിയേറ്റ്സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിൻ്റെ നടപടിയെ ചോദ്യം ചെയ്ത് വേദാന്ത ലിമിറ്റഡ് സമർപ്പിച്ച അപ്പീലുകൾ തള്ളി നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി).ചെയർപേഴ്സൺ അശോക് ഭൂഷൺ, ടെക്നിക്കൽ അംഗം ബരുൺ മിത്ര എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ആണ് അപ്പീൽ തള്ളിയത്. എൻസിഎൽടിയുടെ മുൻ തീരുമാനത്തിൽ ഇടപെടാൻ മതിയായ കാരണങ്ങളൊന്നും നിലവിലില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. അപ്പീലുകൾക്ക് കഴമ്പില്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.
റിസല്യൂഷൻ പ്ലാൻ തിരഞ്ഞെടുക്കുന്നതിൽ കടക്കാരുടെ സമിതി (സിഒസി) തങ്ങളുടെ "വാണിജ്യപരമായ വിവേകം" (commercial wisdom) പ്രയോഗിച്ചിട്ടുണ്ടെന്ന് എൻസിഎൽഎടി ഊന്നിപ്പറഞ്ഞു. റിസല്യൂഷൻ പ്രൊഫഷണൽ പാപ്പരത്ത നടപടിക്രമങ്ങൾ നടത്തുന്നതിൽ കാര്യമായ ക്രമക്കേടുകളൊന്നും ഉണ്ടായിട്ടില്ലെന്നും ട്രിബ്യൂണൽ വിലയിരുത്തി.

ലേലത്തിൽ, തങ്ങളുടെ വാഗ്ദാനം അദാനി എന്റർപ്രൈസസിൻ്റേതിനെക്കാൾ വളരെ ഉയർന്നതാണെന്ന് വേദാന്ത വാദിച്ചു. മൊത്തം മൂല്യത്തിൽ ഏകദേശം 3,400 കോടി രൂപയും അറ്റമൂല്യത്തിൽ (net present value) ഏകദേശം 500 കോടി രൂപയും തങ്ങൾ കൂടുതൽ വാഗ്ദാനം ചെയ്തു എന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, കടക്കാർ ഉപയോഗിച്ച വിലയിരുത്തൽ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത വേദാന്തയുടെ വാദങ്ങൾ ട്രിബ്യൂണൽ തള്ളി. വേദാന്തയുടെ ഉയർന്ന സാമ്പത്തിക വാഗ്ദാനം ഉണ്ടായിരുന്നിട്ടും, അദാനിയുടെ ലേലത്തിന് മുൻഗണന നൽകാനുള്ള സിഒസിയുടെ തീരുമാനം ഏകപക്ഷീയമോ വികലമോ ആയി കാണാൻ കഴിയില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി.
2024 മാർച്ച് 17-നാണ് എൻസിഎൽടി അലഹബാദ് ബെഞ്ച്, ജയപ്രകാശ് അസോസിയേറ്റ്സിനായുള്ള അദാനി എന്റർപ്രൈസസിൻ്റെ 14,535 കോടി രൂപയുടെ റിസല്യൂഷൻ പ്ലാനിന് അംഗീകാരം നൽകിയത്. ഈ തീരുമാനത്തെ തുടർന്നാണ് വേദാന്ത എൻസിഎൽഎടിയെ സമീപിച്ചത്. നേരത്തെ 2024 മാർച്ച് 24-ന് എൻസിഎൽടി ഉത്തരവിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ അപ്പലേറ്റ് ട്രിബ്യൂണൽ വിസമ്മതിച്ചിരുന്നു. എന്നിരുന്നാലും, അപ്പീലുകളുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും റിസല്യൂഷൻ നടപടികൾ എന്ന് അന്ന് ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു.
വേദാന്ത ആശ്വാസം തേടി സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ നടപടികൾ സ്റ്റേ ചെയ്യാൻ ഉന്നത കോടതി വിസമ്മതിച്ചു. എങ്കിലും, നിരീക്ഷണ സമിതിയുടെ പ്രധാന നയപരമായ എല്ലാ തീരുമാനങ്ങൾക്കും ട്രിബ്യൂണലിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ലേല പ്രക്രിയയിൽ, അദാനി എന്റർപ്രൈസസിന് കടക്കാരിൽ നിന്ന് ഏറ്റവും ഉയർന്ന പിന്തുണ ലഭിച്ചു. 89 ശതമാനം വോട്ടുകളോടെയാണ് അദാനി മുന്നിലെത്തിയത്. ദാൽമിയ ഭാരതും വേദാന്തയുമായിരുന്നു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലായിരുന്നു.
പാപ്പരത്ത കോഡിന്റെ (ഐബിസി) എല്ലാ വ്യവസ്ഥകളും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് സിഒസി വ്യക്തമാക്കി. ലേലത്തിലെ ഏറ്റവും ഉയർന്ന തുക മാത്രം കണക്കിലെടുക്കാതെ, മുന്നിലെത്തുന്ന പണം (upfront cash), പ്രായോഗികത, നടപ്പാക്കാനുള്ള കഴിവ് തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ലേലങ്ങൾ വിലയിരുത്തുന്നതെന്നും സിഒസി ചൂണ്ടിക്കാട്ടി.
2024 ജൂണിൽ കോർപ്പറേറ്റ് ഇൻസോൾവൻസി റെസല്യൂഷൻ പ്രോസസ്സിൽ (സിഐആർപി) പ്രവേശിച്ച ജയപ്രകാശ് അസോസിയേറ്റ്സിന് 57,185 കോടി രൂപയുടെ മൊത്തം വായ്പാ ബാധ്യതയാണുള്ളത്. റിയൽ എസ്റ്റേറ്റ്, സിമൻ്റ് ഉൽപ്പാദനം, ഹോസ്പിറ്റാലിറ്റി, വൈദ്യുതി, എൻജിനീയറിങ്, നിർമ്മാണ ബിസിനസ്സുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ആസ്തി പോർട്ട്ഫോളിയോയാണ് കമ്പനിക്കുള്ളത്.
ഗ്രേറ്റർ നോയിഡയിലെ ജയ്പീ ഗ്രീൻസ്, നോയിഡയിലെ ജയ്പീ ഗ്രീൻസ് വിഷ്ടൗണിന്റെ ഭാഗങ്ങൾ, വരാനിരിക്കുന്ന ജെവാർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ജയ്പീ ഇൻ്റർനാഷണൽ സ്പോർട്സ് സിറ്റി എന്നിവ ജയപ്രകാശ് അസോസിയേറ്റ്സിന്റെ പ്രധാന റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു. ഡൽഹി-എൻസിആർ മേഖലയിലെ വാണിജ്യ ഓഫീസ് സ്ഥലങ്ങൾ, ഉത്തരേന്ത്യയിലെ വിവിധ ഹോട്ടൽ സ്വത്തുക്കൾ, മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും നാല് സിമൻ്റ് പ്ലാൻ്റുകൾ, പാട്ടത്തിനെടുത്ത ചുണ്ണാമ്പുകല്ല് ഖനികൾ എന്നിവയും കമ്പനിയുടെ ഉടമസ്ഥതയിലുണ്ട്.കൂടാതെ, ജയപ്രകാശ് പവർ വെഞ്ചേഴ്സ് ലിമിറ്റഡ്, യമുന എക്സ്പ്രസ് വേ ടോളിംഗ് ലിമിറ്റഡ്, ജയ്പീ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങളിലും ജയപ്രകാശ് അസോസിയേറ്റ്സിന് നിക്ഷേപങ്ങളുണ്ട്.
എൻസിഎൽഎടിയുടെ വിധിയോടെ ജയപ്രകാശ് അസോസിയേറ്റ്സിനെ ഏറ്റെടുക്കാനുള്ള അദാനി എന്റർപ്രൈസസിൻ്റെ നീക്കം പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യയിലെ ശ്രദ്ധേയമായ പാപ്പരത്ത കേസുകളിലൊന്നിൽ ഇത് ഒരു നിർണ്ണായക മുന്നേറ്റമാണ്.












Click it and Unblock the Notifications