പഞ്ചാബില്‍ നാണം കെട്ട് കോണ്‍ഗ്രസ്: കോട്ടയില്‍ വീണ്ടും വന്‍ പരാജയത്തിലേക്ക്
ജലന്ധർ: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ രണ്ടരമണിക്കൂർ പിന്നിടുമ്പോള്‍ ബി ജെ പിയെ ബഹുദൂരം പിന്തള്ളി കോണ്‍ഗ്രസ് മുന്നോട്ട് പോവുകയാണ്. അധികാരത്തിലെത്തിയേക്കുമെന്ന സൂചന ലഭിച്ചതോടെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി. ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്തും പ്രവർത്തകർ മധുരം വിതരണം ചെയ്തു. അതേസമയം, പഞ്ചാബില്‍ നിന്നും പുറത്ത് വരുന്ന വാർത്തകള്‍ കോണ്‍ഗ്രസിന് അത്ര സന്തോഷം നല്‍കുന്നതല്ല.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജലന്ധർ ലോക്സഭ സീറ്റില്‍ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ കരംജിത് കൗറിനെക്കാൾ 25000 ത്തിലേറെ വോട്ടിനാണ് ജലന്ധറില്‍ എ എ പി സ്ഥാനാർത്ഥി സുശീൽ കുമാർ റിങ്കു മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ നിയമസഭയിൽ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം എൽ എയായിരുന്നു സുശീൽ കുമാർ റിങ്കു പിന്നീട് എ എ പിയിലേക്ക് കൂറുമാറുകയായിരുന്നു.

കോണ്‍ഗ്രസ് എംപിയായിരുന്നു സന്തോഖ് ചൗധരി ഭാരത് ജോഡോ യാത്രയ്ക്കിടെ ഹൃദായാഘാതം മൂലം മരണപ്പെട്ടത്തിനെ തുടർന്നാണ് ജലന്ധറില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. സന്തോഖ് ചൗധരിയുടെ ഭാര്യയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ കരംജിത് കൗർ. 1,07,477 വോട്ടുകളുള്ള കോൺഗ്രസുമായുള്ള വിടവ് 1,30,597 വോട്ടുകൾ നേടി എ എ പി വലിയ തോതില്‍ ഉയർത്തിയെന്നാണ് 10.30 വരെയുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ബിജെപി 69,849 വോട്ടുകൾ നേടി മൂന്നാമതും അകാലി-ബിഎസ്പി സഖ്യം 64,788 വോട്ടുകൾ നേടി നാലാം സ്ഥാനത്തുമാണ്.
ശിരോമണി അകാലിദൾ വിട്ട് കാവി പാർട്ടിയിൽ ചേർന്ന ദളിത് സിഖുകാരനായ ഇന്ദർ ഇഖ്ബാൽ സിംഗ് അത്വാളിനെയാണ് ബിജെപി മത്സരിപ്പിച്ചത്. ശിരോമണി അകാലിദളിന്റെ സുഖ്വീന്ദർ കുമാർ സുഖിയെ ബിഎസ്പി പിന്തുണയ്ക്കുകയും ചെയ്യുന്നു. പഞ്ചാബിലെ ഒരു ലോക്‌സഭാ സീറ്റിനൊപ്പം ഉത്തർപ്രദേശിലെ സുവാർ, ചൻബെ, ഒഡീഷയിലെ ജാർസുഗുഡ, മേഘാലയയിലെ സോഹിയോങ് എന്നീ നാല് നിയമസഭാ സീറ്റുകളിലേക്കും ഇന്ന് വോട്ടെണ്ണൽ നടക്കുന്നുണ്ട്.
മിർസാപൂർ ജില്ലയിലെ ചൻബെയിൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി 54.6 ശതമാനം വോട്ടുകൾ നേടി മുന്നിട്ടുനിൽക്കുമ്പോൾ, ബിജെപി സഖ്യകക്ഷിയായ അപ്‌നാ ദൾ 35.5 വോട്ടുകളുമായി രണ്ടാം സ്ഥാനത്തുമാണ്, അതേസമയം സുവാറില്‍ അപ്നദളാണ് മുന്നില്‍. ഒഡീഷയിൽ ഇതുവരെ 60.6 ശതമാനം വോട്ടുകൾക്ക് ബിജു ജനതാദൾ മുന്നിട്ടുനിൽക്കുമ്പോൾ ബിജെപി 34.3 ശതമാനം വോട്ടുകളുമായി പിന്നിലാണ്. മേഘാലയയിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി 54.6 ശതമാനം വോട്ടുകൾക്കും നാഷണൽ പീപ്പിൾസ് പാർട്ടിക്ക് 37.2 ശതമാനം വോട്ടും ലഭിച്ചു.












Click it and Unblock the Notifications