ജല്ലിക്കെട്ട്; സുപ്രീം കോടതി ഉത്തരവ് മറികടക്കണമെന്ന് ജയലളിത
ചെന്നൈ: ജല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി ജയലളിത. ജല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോടതി വിധിയില്‍ ജനങ്ങള്‍ നിരാശരാണെന്നും ജനങ്ങളുടെ വികാരം മാനിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നുമാണ് ജയലളിതയുടെ ആവശ്യം.
ജല്ലിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചില സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരവിനോദത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് കോടതിയുടെ നിലപാട്.

പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന കായിക വിനോദമായ ജല്ലിക്കെട്ട് നിരോധനം തമിഴ്‌നാട് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ഡിഎംകെ ഇത് ആയുധമാക്കുന്നുണ്ട്. എന്നാല്‍, കുറ്റം ബിജെപിയുടെ തലയിലിടാനായാണ് ജയലളിത ഇപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ജല്ലിക്കെട്ട് നിരോധനം തുടരുകയാണെങ്കില്‍ അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും എഐഎഡിഎംകെ മുന്നറിയിപ്പു നല്‍കുന്നു. സംസ്ഥാന ബിജെപി നേതാക്കളും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എ.ഡി.എം.കെ നേതാവ് വൈകോയും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications