കാശ്മീരില്‍ ഭീകരാക്രമണശ്രമം തകര്‍ത്തു; മൂന്നു ഭീകരരെ കൊലപ്പെടുത്തി
ശ്രീനഗര്‍: ഉറിക്ക് സമീപമുള്ള കല്ഗായ് പ്രദേശത്തുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞവര്‍ഷം ഭീകരാക്രമണമുണ്ടായ ഉറി സൈനിക താവളത്തിന് അടുത്താണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയ സൈന്യത്തിന്റെയും പോലീസിന്റെയും സംഘത്തിനുനേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.
സൈന്യം തിരിച്ചടിച്ചതോടെയാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ഒരു സൈനികനും നാട്ടുകാരായ മൂന്നുപേര്‍ക്കും ഏറ്റുമുട്ടലിനിടെ പരിക്കേറ്റതായി ഡി.ജി.പി എസ്.പി വൈദ് മാധ്യമങ്ങളോട് പറഞ്ഞു. ഉറി ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഭീകരരെയാണ് വധിക്കാന്‍ കഴിഞ്ഞതെന്ന് ഡി.ജി.പി വ്യക്തമാക്കി. രഹസ്യ വിവരം ലഭിച്ചതിനാലാണ് മറ്റൊരു വന്‍ ഭീകരാക്രണം നടത്താനുള്ള നീക്കം പരാജയപ്പെടുത്താന്‍ കഴിഞ്ഞത്.
19 സൈനികരാണ് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 18 നുണ്ടായ ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഉറിയിലെ ആര്‍മി ബ്രിഗേഡ് ആസ്ഥാനത്തേക്ക് ഇരച്ചുകയറി ഭീകരാക്രമണം നടത്തുകയായിരുന്നു. ഇതിനു പകരമെന്നോണം ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഒട്ടേറെ ഭീകരരെ കൊലപ്പെടുത്തുകയും ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.