ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ച ആവേശമില്ല: ജമ്മു കശ്മീർ ഒളിപ്പിച്ചുവെക്കുന്ന രഹസ്യം എന്ത്
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിലെ വോട്ടിംഗ് അവസാനിച്ചപ്പോള്‍ പോളിങ് ശതമാനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല. ആദ്യഘട്ടത്തിലെ വോട്ടിങ് ശതമാനം 2014 ലെ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പറയുന്നത്.
10 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻകാല വോട്ടിംഗ് റെക്കോർഡുകൾ ഭേദിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പല നിയമസഭാ മണ്ഡലങ്ങളിലും 2014 ലെ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം കുറഞ്ഞെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മെച്ചപ്പെട്ട സുരക്ഷാ സാഹചര്യം, സജീവമായ മുന്നണി സംവിധാനം, വിഘടനവാദ ഗ്രൂപ്പുകളുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനം, ജമാഅത്തെ ഇസ്‌ലാമിയുടെ പങ്കാളിത്തം എന്നിവയും വോട്ടെടുപ്പ് പങ്കാളിത്തം വർദ്ധിപ്പിച്ചേക്കുമെന്ന് കണക്ക് കൂട്ടലുണ്ടായിരുന്നു. എങ്കിലും ആദ്യഘട്ടത്തിലെങ്കിലും ഇത് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ല.
ആദ്യഘട്ടത്തിൽ 24 സീറ്റുകളിലേക്കാണ് പോളിങ് നടന്നത്. ഇവിടെങ്ങളിലായി ആകെ 61 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബഹിഷ്‌കരണ ആഹ്വാനങ്ങളും ചില നഗരസീറ്റുകളിൽ മോശം പങ്കാളിത്തവും ഉണ്ടായിട്ടും 66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
ദോഡ, റംബാൻ, കിഷ്ത്വാർ എന്നീ എട്ട് സീറ്റുകളിൽ പോളിംഗ് പാറ്റേൺ ഏറെക്കുറെ സമാനമായി തുടരുമ്പോഴും, ദക്ഷിണ കശ്മീരിലെ 16 സീറ്റുകളിൽ എട്ടിലും പോളിംഗ് ശതമാനം കുറയുകയാണുണ്ടായത്.
പാംപോർ നിയമസഭാ സീറ്റിൽ 2014ൽ 47 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഇത്തവണ അത് 42 ശതമാനമായിരുന്നു. പുൽവാമയിലെ രാജ്‌പോര സീറ്റിൽ 2014ലെ 47 ശതമാനത്തിൽനിന്ന് ഈ തിരഞ്ഞെടുപ്പിൽ 45 ശതമാനമായും കുറഞ്ഞു.
ഡിഎച്ച് പോര സീറ്റിൽ 2014ൽ 77 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഇത്തവണ അത് 65 ശതമാനമായിരുന്നു. ദൂരു സീറ്റിൽ 63 ശതമാനം എന്നത് 57 എന്നതിലേക്കും ഇടിഞ്ഞു. ഷാംഗസ്, അനന്ത്നാഗ് സീറ്റിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 67 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇത്തവണ അത് 52 ശതമാനമായും കുറഞ്ഞു.
അതേസമയം, ജമ്മു കശ്മീരിൽ കഴിഞ്ഞ 35 വർഷത്തെ വോട്ടിംഗിൻ്റെ എല്ലാ റെക്കോർഡുകളും തകർത്തായിരുന്നു ഇക്കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം. പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ പങ്കാളിത്തം നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിംഗ് ഗണ്യമായി ഉയരുമെന്ന പ്രതീക്ഷ ഉയർത്തിയിരുന്നു. എന്നാൽ ആദ്യഘട്ട പോളിങ് സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.












Click it and Unblock the Notifications