കശ്മീര്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഭാഗമായി; ബില്ലിനെ പിന്തുണച്ച് ബിജെഡിയും രംഗത്ത്
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിനെ പിന്തുണച്ച് നവീന്‍ പട്‌നായിക്കിന്റെ ബിജു ജനത ദളും രംഗത്ത്. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കശ്മീര്‍ ഇപ്പോള്‍ ഇന്ത്യയുടെ ഭാഗം ആയി എന്നാണ് പാര്‍ട്ടി എംപി പ്രസന്ന ആചാര്യ രാജ്യസഭയില്‍ പറഞ്ഞത്.
തങ്ങളുടേത് ഒരു പ്രാദേശിക പാര്‍ട്ടി ആണെങ്കിലും, രാഷ്ട്രത്തിനാണ് തങ്ങളുടെ മുന്‍ഗണന. ഈ തീരുമാനത്തെ താനും തന്റെ പാര്‍ട്ടിയും പിന്തുണയ്ക്കുന്നു എന്നായിരുന്നു പ്രസന്ന ആചാര്യ പറഞ്ഞത്.

എന്‍ഡിഎയുടെ മുന്‍ ഘടകക്ഷിയാണ് ബിജു ജനത ദള്‍. എന്നാല്‍ 2009 ലെ കന്ധമാല്‍ കലാപത്തെ തുടര്‍ന്ന് ബിജെപിയുമായുള്ള ബന്ധം ബിജു ജനതദള്‍ പിന്‍വലിക്കുകയായിരുന്നു. അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായ പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.
ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ള ഒട്ടനവധി പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ച് കഴിഞ്ഞു. എന്നാല്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു വേറിട്ട നിലപാടാണ് സ്വീരിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നാണ് പാര്‍ട്ടി നേതാവ് കെസി ത്യാഗി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് വ്യത്യസ്തമായ ചിന്താഗതിയാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പ്രതിപക്ഷ നിരയില്‍ ഉള്ള ബിഎസ്പി പുതിയ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. തങ്ങളുടെ സമ്പൂര്‍ണ പിന്തുണ ഈ വിഷയത്തില്‍ ഉണ്ട് എന്നായിരുന്നു പാര്‍ട്ടി എംപി സതീഷ് ചന്ദ്രയുടെ പ്രതികരണം.












Click it and Unblock the Notifications