19 വിമത എംഎല്‍മാരുടെ രഹസ്യയോഗം; കാശ്മീരില്‍ ഒമര്‍ അബ്ദുള്ള സര്‍ക്കാരില്‍ പ്രതിസന്ധി
ജമ്മു കാശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി. വിമത എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഒരു എംഎല്‍എയുടെ വസതിയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതാണ് ആശങ്കകള്‍ക്ക് വഴിവെച്ചത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ 19 എംഎല്‍എമാരാണ് നാല് മണിക്കൂര്‍ നീണ്ട രഹസ്യയോഗം ചേര്‍ന്നത്. മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഉപദേഷ്ടാവ് ഉള്‍പ്പെടെ അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പ്രധാന ഭാരവാഹികളെ നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു എന്നാണ് വിവരം. ഈ യോഗം നാഷണല്‍ കോണ്‍ഫറന്‍സിനുള്ളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് നേതാക്കളോ ജനപ്രതിനിധികളോ കൊഴിഞ്ഞുപോകാതിരിക്കാന്‍ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും, ഇതുവരെ അതിന് സാധിച്ചിട്ടില്ലെന്നാണ് സൂചന.

ഡല്‍ഹിയില്‍ നിന്ന് ഒമര്‍ അബ്ദുള്ള തന്റെ വിശ്വസ്തനായ ഒരു സഹായിയെ വിമത എംഎല്‍എമാരുടെ അടുത്തേക്ക് അയച്ചിരുന്നുവെങ്കിലും, അദ്ദേഹവുമായി സംസാരിക്കാന്‍ അവര്‍ വിസമ്മതിക്കുകയും മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 'ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കണം, അദ്ദേഹത്തിന്റെ സഹായിയുമായി സംസാരിക്കാന്‍ താല്‍പ്പര്യമില്ല,' എന്ന് ഒരു എംഎല്‍എ പറഞ്ഞു.
നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയും വിമതര്‍ക്കിടയിലുള്ള കടുത്ത അമര്‍ഷവുമാണ് ഈ നിലപാടിലൂടെ വ്യക്തമാകുന്നത്. ദാചിഗാം പ്രഖ്യാപനം നടപ്പിലാക്കുക എന്നാണ് എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്. ഈ കരാര്‍ ലംഘിക്കപ്പെട്ടുവെന്ന് എംഎല്‍എമാര്‍ ആരോപിക്കുന്നു. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ നാല് മന്ത്രിമാരെ മാറ്റണമെന്നും മന്ത്രിസഭയില്‍ പുതിയ മുഖങ്ങള്‍ വരണമെന്നുമാണ് ഇവരുടെ മറ്റൊരു ആവശ്യം.
കശ്മീര്‍ പ്രവിശ്യാ പ്രസിഡന്റ് ഷൗക്കത്ത് അഹ്‌മദ് മിര്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുകയും ഒമര്‍ അബ്ദുള്ളയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിമതര്‍ ആരോപിക്കുന്നു. ഷമ്മി ഒബ്റോയിക്കെതിരെയും പരാതികളുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ നീക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ജമ്മുവിനും പീര്‍ പഞ്ചാലിനും അര്‍ഹമായ പ്രാതിനിധ്യം നല്‍കണം എന്നും ആവശ്യമുണ്ട്.
ഉപമുഖ്യമന്ത്രിക്കെതിരെ പീര്‍ പഞ്ചാലില്‍ നിന്നുള്ള എംഎല്‍എമാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. അദ്ദേഹം തന്റെ സ്വന്തം മണ്ഡലത്തില്‍ മാത്രമാണ് ഫണ്ടുകള്‍ വിനിയോഗിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യപരമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഡോ. ഫാറൂഖ് അബ്ദുള്ളയും വിമതരായ ചില എംഎല്‍എമാരുമായി സംസാരിച്ചിട്ടുണ്ട്.
അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ച അദ്ദേഹം, ഒന്നര വര്‍ഷത്തിന് ശേഷം മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താമെന്നും, ഇപ്പോള്‍ അവസരം ലഭിക്കാത്തവരെ അപ്പോള്‍ ഉള്‍പ്പെടുത്താമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ വിമതര്‍ ഈ വാഗ്ദാനവും നിരസിക്കുകയും, തങ്ങളുടെ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ശ്രീനഗറിലെ ലോലാബ് എംഎല്‍എ കൈസര്‍ ജംഷീദ് ലോണിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
ഹസ്നൈന്‍ മസൂദി (പാമ്പോര്‍), ഗുലാം മൊഹിയുദ്ദീന്‍ മിര്‍ (രാജ്പോര), ജാവേദ് അഹ്‌മദ് (കര്‍ണ), സെയ്ഫ്-ഉദ്-ദിന്‍ ഭട്ട് (ഖാന്‍സാഹിബ്), ഫാറൂഖ് അഹ്‌മദ് ഷാ (തങ്മാര്‍ഗ്), മുബാറക് ഗുല്‍ (ഈദ്ഗാഹ്), നസീര്‍ അഹ്‌മദ് ഖാന്‍ (ഗുരേസ്), ഹിലാല്‍ അക്ബര്‍ ലോണ്‍ (സോനാവാരി), ബഷീര്‍ അഹ്‌മദ് വീരി (ബിജ്ബെഹാര), അബ്ദുള്‍ മജീദ് ഭട്ട് എന്ന ലാര്‍മി (അനന്ത്നാഗ് വെസ്റ്റ്), ഐജാസ് അഹ്‌മദ് ജാന്‍ (പൂഞ്ച് ഹവേലി), ജാവേദ് ഇഖ്ബാല്‍ ചൗധരി (ബുധാല്‍), അര്‍ജുന്‍ സിംഗ് രാജു (റംബാന്‍), ഖുര്‍ഷിദ് അഹ്‌മദ് (ഗുലാബ്ഗഡ്), ഡോ. സജ്ജാദ് ഷാഫി (ഉറി), മുഷ്താഖ് അഹ്‌മദ് ഗുരു (ചാനപോര), മുസഫര്‍ ഇഖ്ബാല്‍ ഖാന്‍ (താനമണ്ടി), സ്വതന്ത്ര എംഎല്‍എ എന്‍ജിനീയര്‍ ഖുര്‍ഷിദ് അഹ്‌മദ് (ലാംഗെറ്റ്) എന്നിവര്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കാശ്മീര്‍ മുതല്‍ പീര്‍ പഞ്ചാല്‍, ജമ്മു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിമത എംഎല്‍എമാര്‍. അതേസമയം, ബിജെപിയില്‍ നിന്ന് പിന്തുണ സ്വീകരിക്കില്ലെന്നും, തങ്ങളുടെ ആവശ്യങ്ങള്‍ക്കായി പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് തന്നെ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.


Click it and Unblock the Notifications
