ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് അവസാനിച്ചു; മൂന്നാം ഘട്ടത്തില്‍ കനത്ത പോളിംഗ്
ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് അഞ്ച് മണി വരെ ജമ്മു കശ്മീരില്‍ 65.48 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉധംപൂരില്‍ ആണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ 72.91 ശതമാനമാണ് പോളിംഗ്. സാംബ 72. 41 ശതമാനം, കത്വയില്‍ 70.53 ശതമാനം, ജമ്മു 66.79 ശതമാനം, ബന്ദിപ്പോര 63.33 ശതമാനം, ബാരാമുള്ള 55. 73 ശതമാനം എന്നിങ്ങനെയാണ് കണക്ക്.
40 സീറ്റുകളിലായിരുന്നു മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഇതില്‍ പതിനാറ് സീറ്റുകള്‍ കശ്മീര്‍ മേഖലയിലും 24 സീറ്റുകള്‍ ജമ്മു മേഖലയിലുമായിരുന്നു. 415 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടിയത്. 5060 പോളിംഗ് സ്റ്റേഷനുകളിലാണ് മൂന്നാം ഘട്ടത്തില്‍ ഒരുക്കിയിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

മൂന്നാം ഘട്ടത്തോടെ ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഒക്ടോബര്‍ ഒമ്പതിന് ഫലമറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ സംസ്ഥാനത്തുടനീളം വ്യാപകമായി പ്രചരണത്തിനെത്തിയിരുന്നു.
സെപ്തംബര്‍ 18ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 61.13 ശതമാനം പോളിംഗും സെപ്റ്റംബര്‍ 25ന് നടന്ന രണ്ടാം ഘട്ടത്തില്‍ 56.31 ശതമാനം പോളിംഗും ആണ് രേഖപ്പെടുത്തിയത്. നാഷണല്‍ കോണ്‍ഫറന്‍സും (എന്‍ സി) കോണ്‍ഗ്രസും സി പി എമ്മും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്. പി ഡി പി, ബി ജെ പി എന്നിവര്‍ ഒറ്റക്കാണ് ജനവിധി തേടിയത്. 2014 ലെ തിരഞ്ഞെടുപ്പിന് ശേഷം പിഡിപിയുമായി ബിജെപി സഖ്യമുണ്ടാക്കിയിരുന്നു.
എന്നാല്‍ അധികം വൈകാതെ ഇരുപാര്‍ട്ടികളും പിരിഞ്ഞു. പിന്നാലെ ജമ്മു കശ്മീര്‍ 2018 ല്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലായി. 2019 ല്‍ ആണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ആകെ 114 സീറ്റുകളാണ് ജമ്മു കശ്മീര്‍ നിയമസഭയില്‍ ഉള്ളത്.












Click it and Unblock the Notifications