ജമ്മു കശ്മീര്‍ ഭരണം എങ്ങനെ എന്നറിയാമോ? പ്രത്യേക പദവിയും സംസ്ഥാന പദവിയും ഇല്ല, കേന്ദ്രമാണ് എല്ലാം
ന്യൂഡല്‍ഹി: 10 വര്‍ഷത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ ഭരണം ജനം ഏല്‍പ്പിച്ചിരിക്കുന്നത് നാഷണല്‍ കോണ്‍ഫറന്‍സിനെയാണ്. 90 അംഗ നിയമസഭയില്‍ ഏറ്റവും വലിയ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത് ഉമര്‍ അബ്ദുല്ല നയിക്കുന്ന എന്‍സിയാണ്. 42 സീറ്റാണ് പാര്‍ട്ടിക്ക് ലഭിച്ചത്. കോണ്‍ഗ്രസുമായി സഖ്യമുള്ളതിനാല്‍ ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.
2014ലാണ് ഏറ്റവും ഒടുവില്‍ കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. മെഹ്ബൂബ മുഫ്തിയുടെ പിഡിപി ആയിരുന്നു അന്ന് ഏറ്റവും വലിയ കക്ഷി. ബിജെപിയുമായി സഖ്യം ചേര്‍ന്ന് തുടങ്ങിയ ഭരണം 2018ല്‍ അടിച്ച് പിരിഞ്ഞു. തൊട്ടുപിന്നാലെ കേന്ദ്ര ഭരണത്തിന് കീഴിലായ കശ്മീരിന്റെ പ്രത്യേക പദവി 2019ല്‍ എടുത്തു കളയുകയും സംസ്ഥാന പദവി ഒഴിവാക്കുകയും ചെയ്തു.

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായിട്ടാണ് കശ്മീരിനെ വിഭജിച്ചത്. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീര്‍. നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമാണ് ലഡാക്ക്. അനിയോജ്യമായ സമയം കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇനി സംസ്ഥാന പദവി തിരിച്ചു തരണം എന്നാണ് എന്‍സിയുടെ ആവശ്യം.
നിലവില്‍ ഡല്‍ഹിയിലേതിന് സമാനമായ ജമ്മു കശ്മീരിന്റെയും ഭരണം. പ്രധാന വകുപ്പുകള്‍, തീരുമാനങ്ങള്‍ എന്നിവയെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ലഫ്. ഗവര്‍ണറുടേതായിരിക്കും. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് പൊതുജനരോഗ്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യാം. കുറച്ചുകൂടി വിശദീകരിച്ച് അറിയാം...
സംസ്ഥാനത്ത് കാതലായ മാറ്റങ്ങള്‍ വരുത്തണമെങ്കിലും വന്‍കിട പദ്ധതികള്‍ നടപ്പാക്കണമെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ സഹായം കശ്മീര്‍ സര്‍ക്കാരിന് വേണം എന്നാണ് ചുരുക്കം. കേന്ദ്ര അനുമതിയില്ലാതെ സ്വന്തമായി സുരക്ഷാ കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കാന്‍ കശ്മീര്‍ സര്‍ക്കാരിന് സാധിക്കില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈനികര്‍ തമ്പടിച്ചിട്ടുള്ള പ്രദേശം കൂടിയാണ് കശ്മീര്‍.
വിദ്യാഭ്യാസം, വിവാഹം, നികുതി, സ്വത്ത് കൈമാറ്റം, വനം, ട്രേഡ് യൂനിയനുകള്‍, തൊഴിലാളി ക്ഷേമം, ചാരറ്റി സംഘടനകള്‍, വ്യാപാരം എന്നിവയെല്ലാം 2019ലെ കശ്മീര്‍ പുനഃസംഘടന നിയമ പ്രകാരം ജമ്മു കശ്മീര്‍ നിയമസഭയുടെ പരിധിയില്‍ വരില്ല. ഇക്കാര്യത്തില്‍ ലഫ്. ഗവര്‍ണറുടെ തീരുമാനമാണ് പ്രധാനം. അതേസമയം, നിയമസഭയ്ക്ക് തീരുമാനം എടുക്കാന്‍ സാധിക്കുന്ന മറ്റു ചില കാര്യങ്ങളുണ്ട്.
മുന്‍സിപ്പല്‍ കോര്‍പറേഷന്‍, ആരോഗ്യം, ആശുപത്രി, മദ്യ വില്‍പ്പന, റോഡ്-പാലം നിര്‍മാണം, കാര്‍ഷികം, ജലസേചനം, ഖനികളുടെ ക്രമീകരണം, വ്യവസായം, എംഎല്‍എമാരുടെ ശമ്പളം, ഭൂനികുതി, ടോള്‍, തൊഴില്‍-ആഢംബര നികുതി എന്നിവയെല്ലാം നിയമസഭയുടെ പരിധിയില്‍ വരുന്നതാണ്. നിമയസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൊട്ടുമുമ്പുള്ള ദിവസം ലഫ്. ഗവര്‍ണറുടെ അധികാരം വിപുലീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭേദഗതി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം പോലീസ്, ക്രമസമാധാനം, ആള്‍ ഇന്ത്യ സര്‍വീസസ്, സ്ഥലം മാറ്റം, നിയമനം എന്നിവയെല്ലാം ലഫ്. ഗവര്‍ണറുടെ പരിധിയിലാണ്.
അതുകൊണ്ടുതന്നെ പുതിയ സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിനും നിയമ പോരിനും സാധ്യത ഏറെയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം ഡല്‍ഹിയിലേക്ക് പോകാനാണ് ഉമര്‍ അബ്ദുല്ലയുടെ തീരുമാനം. സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ പ്രമേയം അവതരിപ്പിക്കും. ശേഷം ഡല്‍ഹിയിലെത്തി ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുമെന്നും പുതിയ സര്‍ക്കാരിന് സമ്പൂര്‍ണ അധികാരം വേണമെന്നും ഉമര്‍ അബ്ദുല്ലയുമായി അടുപ്പമുള്ളവര്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications