ജമ്മു കശ്മീർ ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ; കശ്മീർ പുന: സംഘടന ബിൽ ലോക്സഭയിൽ പാസായി
ദില്ലി: ജമ്മു കശ്മീർ വിഭജന ബില ലോക്സഭയിൽ പാസായി. 370 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ 70 പേരാണ് ബില്ലിനെ എതിർത്തത്. കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുന്നതാണ് ബിൽ. ലഡാക്ക്, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായാണ് കശ്മീരിനെ വിഭജിക്കുക. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ ലോക്സഭയിൽ പാസായത്. ബിൽ ഇനി രാഷ്ട്രപതിയുടെ അനുമതിയ്ക്കായി അയക്കും.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും ലോക്സഭയിൽ പാസായി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസായത്. 351 പേർ പ്രമേയത്തെ പിന്തുണച്ചപ്പോൾ 72 പേർ പ്രമേയത്തെ എതിർത്തു. ആർട്ടിക്കിൾ 370 എടുത്ത് മാറ്റാനുള്ള പ്രമേയവും കശ്മീർ വിഭജന ബില്ലും അവതരിപ്പിച്ചപ്പോൾ തന്നെ ഇത് ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എതിർക്കുകയായിരുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക് അധീന കശ്മീരും ഇന്ത്യയുടേതാണെന്നിം അമിത് ഷാ വ്യക്തമാക്കി.

കനത്ത മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് കേന്ദ്രസർക്കാർ കശ്മീരിൽ കേന്ദ്രസർക്കാർ നിർണായക നീക്കം നടത്തിയത്. ആർട്ടിക്കിൾ 370 കശ്മീരിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നുവെന്നും ദാരിദ്രവും, അഴിമതിയും തീവ്രവാദവും വളരാൻ മാത്രമാണ് അത് ഉപകരിച്ചതെന്നും അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയിൽ വാദിച്ചിരുന്നു. താഴ്വരയിൽ സമാധാനം പുനസ്ഥാപിച്ച ശേഷം ഉചിതമായ സമയം വരുമ്പോൾ കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസും ജെഡിയുവും ബില്ലിനെ എതിർത്ത് സഭ വിട്ടിറങ്ങുകയായിരുന്നു. അതേസമയം കശ്മീർ വിഷയത്തിൽ പ്രതിപക്ഷ നിരയിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാജ്യസഭ ചീഫ് വിപ്പ് രാജി സമർപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലായി ജ്യോതിരാദിത്യ സിന്ധ്യ കൂടി കശ്മീർ വിഭജന ബില്ലിനെ അനുകൂലിച്ചത് കോൺഗ്രസിന് വലിയ തിരിച്ചടി ആയിട്ടുണ്ട്.












Click it and Unblock the Notifications