തീവ്രവാദികളെ പുകഴ്ത്തി പാഠപുസ്തകം; ജമ്മു കാശ്മീരിൽ എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വൻ വിവാദം
ജമ്മു കാശ്മീരിലെ സർക്കാർ സ്കൂൾ ലൈബ്രറികളിലേക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങളിൽ ഭീകരവാദികളെയും പാകിസ്താൻ അനുകൂല വിഘടനവാദികളെയും മഹത്വവൽക്കരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വിവാദം കത്തുന്നു. സംഭവത്തിൽ കടുത്ത നടപടിയുമായി ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ രംഗത്തെത്തി. സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ എട്ട് ഉയർന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്ത അദ്ദേഹം, സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും വിവാദ പുസ്തകങ്ങളുടെ രചയിതാക്കളെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു.
കേന്ദ്ര സർക്കാരിന്റെ 'സമഗ്ര ശിക്ഷ' പദ്ധതിക്ക് കീഴിൽ സ്കൂൾ ലൈബ്രറികളിലേക്ക് വാങ്ങാൻ അനുമതി നൽകിയ പുസ്തകങ്ങളിലെ ഉള്ളടക്കമാണ് വൻ പ്രതിഷേധത്തിന് കാരണമായത്. ഈ പുസ്തകങ്ങളിൽ ഇന്ത്യ വിരുദ്ധ പരാമർശങ്ങളും ഭീകരവാദികളെ ന്യായീകരിക്കുന്ന വരികളും അടങ്ങിയിട്ടുണ്ടെന്ന് ബിജെപിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളും സിവിൽ സൊസൈറ്റിയും ആരോപിച്ചു.

ജെകെഎൽഎഫ് ഭീകരനായ മഖ്ബൂൽ ഭട്ടിനെ 'രക്തസാക്ഷി' എന്നാണ് പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ കടുത്ത പാകിസ്താൻ അനുകൂല വിഘടനവാദികളായ സയ്യിദ് അലി ഷാ ഗീലാനി, മസ്രത് ആലം എന്നിവരെ 'മഹത്തായ വ്യക്തിത്വങ്ങൾ' ആയി ചിത്രീകരിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കർ-ഇ-തൊയ്ബ തലവനുമായ ഹാഫിസ് സയീദിനെ പുസ്തകത്തിൽ പുകഴ്ത്തിയിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു.
ജമ്മു കാശ്മീരിനെ ഇന്ത്യൻ യൂണിയന്റെ ഭാഗമായി കാണിക്കുന്നതിന് പകരം 'ഇന്ത്യൻ അധീന കാശ്മീർ' (Indian Occupied Kashmir) എന്നാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായ ഈ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പുസ്തകങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് പൂർണ്ണമായി നിരോധിച്ചതും വിപണിയിൽ നിന്ന് പിൻവലിച്ചതും. ഹിലാൽ അഹമ്മദ്, സന്തോഷ് മീന എന്നിവർ ചേർന്ന് എഴുതിയ ജമ്മുവിലെ ഒബ്‌റോയ് ബുക്ക് സർവീസ് പ്രസിദ്ധീകരിച്ച Personalities and Legends of J&K എന്ന പുസ്തകവും, സുശാന്ത് ഗിരി എഴുതി ഡൽഹിയിലെ അനുരാഗ് പ്രകാശൻ പ്രസിദ്ധീകരിച്ച Personalities and Legends of J&K എന്ന പുസ്തകവും നിരോധിച്ചു.
ഈ പുസ്തകങ്ങളുടെ നൂറുകണക്കിന് കോപ്പികൾ ജമ്മു, ബാരാമുള്ള, രാംബൻ, ഉധംപൂർ തുടങ്ങിയ ജില്ലകളിലെ സ്കൂളുകളിൽ ഇതിനകം വിതരണം ചെയ്തിരുന്നു. വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിച്ചതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ചയും അനാസ്ഥയും സംഭവിച്ചുവെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ലൈബ്രറി കോർഡിനേറ്റർ ഫാസിൽ ഇമ്രാൻ സിദ്ദിഖി, അസിസ്റ്റന്റ് കോർഡിനേറ്റർ ഗുർജീത് സിംഗ് എന്നിവരടക്കം എട്ട് ഉദ്യോഗസ്ഥരെയാണ് ഉടനടി പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്തത്. കരിമ്പട്ടികയിൽ പെടുത്തിയ പ്രസാധകരുടെ എല്ലാ പുസ്തകങ്ങളും ജമ്മു കാശ്മീരിലെ സ്കൂളുകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്.












Click it and Unblock the Notifications