'ജനനായകൻ' ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ബാങ്ക് അക്കൗണ്ട് കാലിയാകും; സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്
സൂപ്പർതാരം വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുൻപേ ഇന്റർനെറ്റിൽ ചോർന്നത് സിനിമാ വ്യവസായത്തെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ സംഭവമാണ്. വിജയ് നായകനായി എത്തുന്ന അവസാന ചിത്രം എന്ന നിലയിൽ വളരെ പ്രതീക്ഷയോടെയാണ് ചിത്രം കാണാൻ ആരാധകർ കാത്തിരുന്നത്. അതിനിടെയാണ് ചിത്രം ഇൻറർനെറ്റിൽ പ്രചരിക്കുന്നത്. എന്നാൽ ഇപ്പോൾ അപകടകരമായ മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമ കാണാനുള്ള ആവേശത്തിൽ സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിലും പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സിനിമയുടെ വ്യാജ പതിപ്പ് എന്ന പേരിൽ പ്രചരിക്കുന്നത് യഥാർത്ഥത്തിൽ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യമിട്ടുള്ള സൈബർ കെണികളാണ്.
വിവാദങ്ങൾക്കിടെ 'ചോർന്ന' ജനനായകൻ
എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകൻ' സെൻസർ ബോർഡുമായുള്ള നിയമപോരാട്ടങ്ങളെത്തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ച് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നു. നിർമ്മാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും സിനിമ നിലവിൽ റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇത്തരത്തിൽ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് സിനിമയുടെ ടൈറ്റിൽ ക്രെഡിറ്റുകളും ക്ലൈമാക്സ് ഭാഗങ്ങളും ഉൾപ്പെടെയുള്ള എച്ച്.ഡി ദൃശ്യങ്ങൾ പൈറസി സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത്.
ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പ്
വാട്സാപ്പ്, എക്സ് (ട്വിറ്റർ), ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സിനിമയുടെ 'ഡൗൺലോഡ് ലിങ്കുകൾ' വ്യാപകമായി പ്രചരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും താഴെ പറയുന്ന അപകടങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുള്ളവയാണ്.
മാൽവയർ ആക്രമണം: സിനിമ ഡൗൺലോഡ് ചെയ്യാനെന്ന പേരിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ അപകടകാരികളായ വൈറസുകളോ മാൽവയറുകളോ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആയേക്കാം. ഇത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ഒ.ടി.പി (OTP) സന്ദേശങ്ങളും തട്ടിപ്പുകാർക്ക് ചോർത്തി നൽകും.
ഫിഷിംഗ് കെണികൾ: ബാങ്ക് വെബ്‌സൈറ്റുകൾക്ക് സമാനമായ വ്യാജ പേജുകളിലേക്കാണ് പല ലിങ്കുകളും വായനക്കാരെ നയിക്കുന്നത്. സിനിമ കാണാൻ ലോഗിൻ ചെയ്യണം എന്ന വ്യാജേന നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ ഇവർ കൈക്കലാക്കും.

വിക്കിപീഡിയയിലെ വ്യാജ ലിങ്ക്: ജനനായകൻ സിനിമയുടെ വിക്കിപീഡിയ പേജിൽ പോലും വ്യാജ ലിങ്കുകൾ പ്രത്യക്ഷപ്പെട്ടത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. പൈറസി സൈറ്റുകൾ പോലും ചിത്രം റിലീസിന് മുൻപ് പുറത്തുവിടില്ലെന്ന് പറയുമ്പോഴാണ് അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം ലിങ്കുകൾ പ്രചരിക്കുന്നത്.
ആരാധകർ ചെയ്യേണ്ടത്
സിനിമ കാണാനുള്ള നിങ്ങളുടെ വ്യഗ്രതകാരണം നിയമവിരുദ്ധമായ ലിങ്കുകൾക്ക് പിന്നാലെ പോകുന്നത് വർഷങ്ങളായുള്ള സമ്പാദ്യം നഷ്ടപ്പെടാൻ കാരണമായേക്കാം. ഔദ്യോഗികമായി തിയേറ്ററുകളിലോ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലോ ചിത്രം വരുന്നത് വരെ കാത്തിരിക്കുക. സംശയാസ്പദമായ ലിങ്കുകൾ ലഭിച്ചാൽ അവ തുറക്കാനോ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനോ മുതിരരുത്. സൈബർ സുരക്ഷ പാലിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഓർക്കുക.












Click it and Unblock the Notifications