ക്ഷേത്രത്തില്‍ തന്നെ വിലക്കിയത് വിധവയായതിനാലെന്ന് മുന്‍ രാജകുടുംബാംഗം; നിഷേധിച്ച് പുരോഹിതര്‍
ഭോപ്പാല്‍: ജന്മാഷ്ടമി ദിനത്തില്‍ തന്നെ ക്ഷേത്രാചാരത്തില്‍ നിന്ന് വിലക്കിയതിന് കാരണം താന്‍ വിധവയായതിനാലാണ് എന്ന് മധ്യപ്രദേശിലെ പഴയ പന്ന രാജകുടുംബത്തിലെ മഹാറാണി ജിതേശ്വരി ദേവി. കഴിഞ്ഞ ദിവസം ജന്മാഷ്ടമി ആഘോഷത്തിനിടെ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ കയറി മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ജിതേശ്വരി ദേവിയെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് താന്‍ വിധവയായതിനാലാണ് പുരോഹിതര്‍ തന്നെ വിലക്കിയത് എന്ന വെളിപ്പെടുത്തലുമായി ജിതേശ്വരി ദേവി രംഗത്തെത്തിയത്. ഒരു കുംഭകോണം വെളിപ്പെടുത്തിയതിനാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് ജിതേശ്വരി ദേവി പറഞ്ഞു. പൊലീസും ക്ഷേത്രഭരണസമിതിയും തന്നെ അപമാനിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു എന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ജിതേശ്വരി ദേവി മദ്യലഹരിയിലായിരുന്നെന്നാണ് പുരോഹിതര്‍ പറയുന്നത്.

കഴിഞ്ഞ 300 വര്‍ഷമായി രാജകുടുംബത്തിലെ പുരുഷന്മാര്‍ മാത്രമാണ് ജന്മാഷ്ടമി ദിനത്തില്‍ ആചാരം അനുഷ്ഠിക്കുന്നതെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ സന്തോഷ് കുമാര്‍ തിവാരി പറഞ്ഞു. ജിതേശ്വരിയുടെ മകനെ അത് അവതരിപ്പിക്കാന്‍ ക്ഷണിച്ചെങ്കിലും വന്നില്ല. ജിതേശ്വരി ദേവി ക്ഷേത്രത്തില്‍ പ്രവേശിച്ച് ശല്യം സൃഷ്ടിക്കാന്‍ തുടങ്ങി. രാജകുടുംബത്തിലെ ഒരു സ്ത്രീ ആചാരം ലംഘിച്ച് ശ്രീകൃഷ്ണന്റെ ആരതി തടസ്സപ്പെടുത്തിയത് ദൗര്‍ഭാഗ്യകരമാണ് എന്നും അദ്ദേഹം പറഞ്ഞു.
ആരതി സമയത്ത് രാജകുടുംബത്തിലെ പുരുഷന്മാര്‍ മാത്രം ചടങ്ങ് നടത്താന്‍ തങ്ങള്‍ അവരെ അനുവദിച്ചെങ്കിലും മോശമായി പെരുമാറാന്‍ തുടങ്ങി എന്നും നന്നായി നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഭക്തര്‍ അതിനെ എതിര്‍ക്കാന്‍ തുടങ്ങി. തങ്ങള്‍ ജിതേശ്വരി ദേവിയോട് പുറത്തിറങ്ങാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ വീണു.
തീയില്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ തങ്ങള്‍ക്ക് ആരതി നിര്‍ത്തേണ്ടിവന്നു എന്നും തിവാരി പറഞ്ഞു. ജിതേശ്വരി ദേവി ക്ഷേത്രത്തില്‍ വന്ന് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി പന്ന പൊലീസ് സൂപ്രണ്ട് സായ് കൃഷ്ണ തോട്ടയും പറഞ്ഞു. അര്‍ധരാത്രി ആരതി സമയത്ത് ആചാരം നടത്താന്‍ ക്ഷേത്ര ഭരണസമിതി അവരെ അനുവദിച്ചെങ്കിലും സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭക്തര്‍ പ്രതിഷേധിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 എ (മതവികാരം വ്രണപ്പെടുത്തല്‍), 353 (ഒരു പൊതുപ്രവര്‍ത്തകനെ തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ആക്രമണം, ക്രിമിനല്‍ ബലപ്രയോഗം) എന്നിവ പ്രകാരമാണ് ജിതേശ്വരി ദേവിക്കെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications