ഹോളിക്ക് മറവില്‍ മാനഭംഗം ചെയ്ത കേസില്‍ 3 പേര്‍ അറസ്റ്റില്‍; യുവതി ബംഗ്ലാദേശിലേക്ക് പോയി
യുവതി പരാതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിന്റെ മറവില്‍ ജാപ്പനീസ് യുവതിയെ പൊതുമധ്യത്തില്‍ മാനഭംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കമാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. യുവതി പോലീസിലോ ജാപ്പനീസ് എംബസിയിലോ പരാതിപ്പെട്ടിട്ടില്ല. വനിതാ കമ്മീഷന്റെ ഇടപെടലാണ് നടപടിക്ക് കാരണം. പ്രതികള്‍ കുറ്റം സമ്മതിച്ചെന്നാണ് വിവരം. അതേസമയം, യുവതി ഇന്ത്യയില്‍ നിന്ന് പോയി. നിലവില്‍ ബംഗ്ലാദേശിലാണുള്ളത് എന്ന് ഡല്‍ഹി പോലീസ് ഡിസിപി സഞ്ജയ് കുമാര്‍ സെയ്ന്‍ അറിയിച്ചു.
അറസ്റ്റിലായ മൂന്നുപേരും പഹാഡ്ഗഞ്ച് സ്വദേശികളാണ്. സംഭവത്തിന്റെ വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വനിതാ കമ്മിഷനാണ് നടപടിക്ക് നിര്‍ദേശിച്ചത്. ജാപ്പനീസ് എംബസിയുമായി ബന്ധപ്പെട്ടെന്നും പരാതികളൊന്നും എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അറിയിച്ചതായും സഞ്ജയ് കുമാര്‍ സെയ്ന്‍ പറഞ്ഞു. പ്രതികള്‍ സംഭവം സമ്മതിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി വിഡിയോ പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഡല്‍ഹിയിലെ പഹാഡ്ഗഞ്ചിലാണ് ടൂറിസ്റ്റ് വിസയില്‍ എത്തിയ ജാപ്പനീസ് യുവതി അപമാനിക്കപ്പെട്ടത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമുണ്ടാകുകയും വനിതാ കമ്മിഷന്‍ ഇടപെടുകയും ചെയ്തു. ഒരുകൂട്ടം പുരുഷന്‍മാര്‍ യുവതിയെ കടന്നുപിടിക്കുന്നതും 'ഹോളി' എന്ന് പറഞ്ഞ് ബലമായി നിറങ്ങള്‍ പൂശുന്നതും മുട്ട പൊട്ടിച്ച് മുടിയില്‍ പുരട്ടുന്നതുമാണ് വിഡിയോയിലുള്ളത്.
ഈ സമയം ഒന്നുരണ്ടുപേര്‍ യുവതിയെ പിടിച്ചുവലിക്കുന്നതും മറ്റൊരാള്‍ അവരുടെ നെഞ്ചില്‍ കയറിപിടിക്കുന്നതും പ്രചരിച്ച വീഡിയോയിലുണ്ട്. വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉയര്‍ന്നു. സംഘത്തിലെ ഒരാളെ അടിച്ചാണ് യുവതി രക്ഷപ്പെട്ടത്. യുവതി പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കാര്യമായ നടപടിയുണ്ടാകില്ലെന്നാണ് വിവരം. താന്‍ ബംഗ്ലാദേശിലെത്തിയെന്നും കുഴപ്പമില്ലെന്നും യുവതി ട്വീറ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications