ഒടുവില്‍ മോദി സമ്മതിച്ചു; യശോദ ഭാര്യ തന്നെ
ഗാന്ധിനഗര്‍: ഒടുവില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി അക്കാര്യം സമ്മതിച്ചു. താന്‍ വിവാഹിതനാണ്... യശോദ തന്റെ ഭാര്യയാണെന്ന്.
കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് എപ്പോഴും മുഖം തിരിച്ച് നിന്നിരുന്ന ആളായിരുന്നു മോദി. ഭാര്യ യശോദയുമായി പിരിഞ്ഞാണ് താമസം.
വഡോദര മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് മോദി തന്റെ ഭാര്യയുടെ കാര്യം പരാമര്‍ശിച്ചത്. 17-ാം വയസ്സില്‍ ആയിരുന്നു യശോദബെന്നിനെ വിവാഹം കഴിച്ചതെന്നും മോദി വ്യക്തമാക്കുന്നു.
ഇതുവരെ പലവട്ടം തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ ആളാണ് നരേന്ദ്ര മോദി. പക്ഷേ ഇതുവരെ നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യ എന്ന കോളം പൂരിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മോദി ആ സത്യം മറച്ചുവച്ചില്ല.
അധ്യാപികയായിരുന്ന യശോദ ബെന്‍ ഇപ്പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു ദേശീയ മാധ്യമത്തിന് ബെന്‍ അഭിമുഖം അനുവദിച്ചിരുന്നു. ആഴ്ചകള്‍ മാത്രം നീണ്ട ദാമ്പത്യം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും മോദിയോട് തനിക്ക് ഏറെ ബഹുമാനമാണ് ഉള്ളതെന്നും യശോദബെന്‍ അന്ന് അഭിമുഖത്തില്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിയുടെ ഭാര്യയുടേതുള്പ്പെടെയുളള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്നാണ് തിരഞ്ഞെടുപ്പ് ചട്ടം. എന്നാല്‍ ഭാര്യയുടെ സ്വത്ത് വകകളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് മോദി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.