സിആർപിഫ് ക്യാമ്പിൽ 2 സഹപ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തി ജവാൻ; പിന്നാലെ സ്വയം വെടിവെച്ച് മരിച്ചു
ഇംഫാൽ: മണിപ്പൂരിലെ സിആർപിഎഫ് ക്യാമ്പിൽ രണ്ട് സഹപ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തി ജവാൻ. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. സഹപ്രവർത്തകരെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് മരിച്ചു. ഹവിൽദാർ സഞ്ജയ് കുമാർ ആണ് വെടിയുതിർത്തത്. ക്യാമ്പിലെ കോൺസ്റ്റബിൾ, സബ് ഇൻസ്പെക്റ്റർ റാങ്കിലുള്ളവരാണ് മരിച്ചത്.
മണിപ്പൂരിലെ ഇംഫാൽ ജില്ലയിലുള്ള ലാഫെൽ സിആർപിഎഫ് ക്യാമ്പിലാണ് ദാരുണമായ സംഭവം നടന്നത്. സഹപ്രവർത്തകരുമായി ഇയാൾ സംസാരിച്ച് നിൽക്കുകയായിരുന്നു. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 120 ബെറ്റാലിയൻ അംഗമാണ് സഞ്ജയ് കുമാർ. അപകടത്തിൽ പരിക്കേറ്റവരെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽസയൻസ് ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. അതേസമയം സഞ്ജയ് കുമാറിന്റെ പ്രകോപനത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. വ്യക്തിപരമായ പ്രശ്നത്തെ തുടർന്നാണ് വെടിയുതിർത്തതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് സിആർപിഎഫ് സേന അനുശോചനം അറിയിച്ചു. ഞെട്ടിക്കുന്ന സംഭവത്തിന് പിന്നിൽ എന്താണ് നടന്നതെന്ന് അന്വേഷിക്കുമെന്നും സേന ഉറപ്പ് നൽകി. മണിപ്പൂർ പോലെ ഉയർന്ന സമ്മർദ്ദമുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്ന സൈനികർക്ക് മാനസികാരോഗ്യ പിന്തുണ നൽകുന്നത് സംബന്ധിച്ച് കൂടുതൽ അവലോകനം നടത്താനും തീരുമാനമായി.












Click it and Unblock the Notifications