പാവങ്ങള്‍ക്ക് അമ്മയുടെ വക 400 കിലോ സ്വര്‍ണം
ചെന്നൈ: സ്വര്‍ണം വാങ്ങല്ലേ വാങ്ങല്ലേ എന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം പറഞ്ഞാലൊന്നും പുരൈട്ചി തലൈവി ജയലളിത കേള്‍ക്കില്ല. ജയലളിത സ്വര്‍ണം വാങ്ങും, അതും ചില്ലറയൊന്നുമല്ല, 400 കിലോ. നാന്നൂറ് കിലോ സ്വര്‍ണം വാങ്ങി പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കൊടുക്കാനാണ് ജയലളിതയുടെ നീക്കം.
പുതിയ വിവാഹ സഹായ പരിപാടിയിലാണ് ജയലളിത 400 കിലോ സ്വര്‍ണം നാണയമാക്കി പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്. ഓരോ നാണയത്തിലും സംസ്ഥാന സര്‍ക്കാരിന്റെ മമുദ്ര പതിച്ചായിരിക്കും വിതരണം ചെയ്യുക.

ഒരു ലക്ഷം 22 കാരറ്റ് സ്വര്‍ണനാണയങ്ങളാണ് പദ്ധതി പ്രകാരം പാവങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്ന ഇന്ത്യയിലെ ഏക സര്‍ക്കാര്‍ എന്ന ബഹുമതിയും ഒരുപക്ഷേ തമിഴ്‌നാട് സര്‍ക്കാരിനായിരിക്കും. സ്വര്‍ണനാണയങ്ങളുടെ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ വിളിച്ചിരുന്നു.
കുറഞ്ഞത് 25000 സ്വര്‍ണ നാണയങ്ങളെങ്കിലും വിതരണം ചെയ്യാന്‍ ഏജന്‍സികള്‍ക്ക് കഴിവുണ്ടായിരിക്കണം എന്നാണ് ഒരു നിബന്ധന. നിലവാരം കുറഞ്ഞ നാണയങ്ങള്‍ നല്‍കിയാല്‍ ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അമ്മ കാന്റീനുകള്‍, ഇഡ്ഡലി, അമ്മ മിനറല്‍ വാട്ടര്‍ തുടങ്ങിയ ജനപ്രിയ പരിപാടികള്‍ക്ക് പിന്നാലെയുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ പദ്ധതിയും വന്‍ വിജയമാകും എന്ന പ്രതീക്ഷയിലാണ് എ ഐ എ ഡി എം കെ.












Click it and Unblock the Notifications