ജയലളിതയുടെ വിധി; തമിഴ്‌നാട്ടിലെമ്പാടും അമ്മ പൂജ
ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിധിവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തങ്ങളുടെ 'അമ്മ' യുടെ സുരക്ഷയ്ക്കായി തമിഴ്‌നാട്ടിലെമ്പാടും അമ്മ പൂജ നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ തുടങ്ങി ചെറിയ കോവിലുകള്‍ വരെ അമ്മയ്ക്കായുള്ള വഴിപാടിനായുള്ള തിരക്കാണ്.
എ.ഐ.ഡി.എം.കെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പുതുച്ചേരിയിലും ബൃഹത്പൂജയാണ് നടക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും എന്നുവേണ്ട സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ജയലളിതയ്ക്കുവേണ്ടി വിവിധയിടങ്ങളില്‍ പൂജ നടത്തുന്നുണ്ട്. വിധി പ്രതികൂലമായാല്‍ ജയലളിത രാജിവെച്ചേക്കുമെന്ന അഭ്യൂഹമാണ് ജനങ്ങളെ ഈശ്വരപ്രാര്‍ത്ഥനയിലേക്ക് നയിച്ചിരിക്കുന്നത്.

വിധി ജയലളിതയ്ക്ക് അനുകൂലമാകുമെന്നാണ് പാര്‍ട്ടി നേതാക്കളും അമ്മ അനുകൂലികളും പ്രതീക്ഷിക്കുന്നത്. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ അങ്കണത്തില്‍ സജ്ജീകരിച്ച പ്രത്യേക കോടതിയാണ് വിധി പ്രസ്താവിക്കുക. വിധിപ്രസ്താവം കേള്‍ക്കുന്നതിനായി ജയലളിത നേരിട്ട് കോടതിയില്‍ ഹാജരാകുന്നുണ്ട്.
1996ല്‍ ഡി.എം.കെ. സര്‍ക്കാറാണ് ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്തു സമ്പാദനത്തില്‍ കേസെടുക്കുന്നത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991 '96 കാലയളവില്‍ 66.55 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. പതിനെട്ടുവര്‍ഷത്തെ വിചാരണയ്‌ക്കൊടുവിലാണ് വിധി വരുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ ബാംഗ്ലൂരിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമിഴ് നാട്ടില്‍ നിന്നും ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും മുതിര്‍ന്ന നേതാക്കളും ബാംഗ്ലൂരില്‍ എത്തുന്നുണ്ട്.












Click it and Unblock the Notifications