ജയലളിതയുടെ അസുഖത്തെക്കുറിച്ച് ഫേസ്ബുക്കില്‍ റൂമറുകള്‍ വേണ്ട, പോലീസ് കേസിന് സാധ്യത!
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എ ഐ എ ഡി എം കെ നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. വാട്‌സ് ആപ്പിലും സോഷ്യല്‍ മീഡീയ സൈറ്റുകളിലും ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്ന സാഹചര്യത്തിലാണ് ഇത്.
മുഖ്യമന്ത്രി ജയലളിതയുടെ അസുഖത്തെക്കുറിച്ച് സംശയാസ്പദമായ രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എ ഐ എ ഡി എം കെ ഐ ടി വിഭാഗം തലവനാണ് പോലീസില്‍ പരാതി നല്‍കിയത്. തമിഴച്ചി എന്ന് പേരായ യുവതിക്കെതിരെയാണ് ചെന്നൈ പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വിഭാഗം കേസെടുത്തത്.

താന്‍ ഫ്രാന്‍സിലാണ് കഴിയുന്നത് എന്നാണ് തമഴച്ചിയുടെ ഫേസ്ബുക്കില്‍ ഉള്ളത്. തനിക്കെതിരെ പോലീസ് കേസെടുത്ത വിവരം അറിഞ്ഞ ശേഷം അവര്‍ വീണ്ടും ഇതേക്കുറിച്ച് പോസ്റ്റിട്ടിരുന്നു. ഫ്രഞ്ച് പോലീസ് തന്നെ തിരക്കി വരുന്നതും കാത്തിരിക്കുകയാണ് എന്ന തരത്തിലായിരുന്നു ഈ പോസ്റ്റ്.
ജയലളിതയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്നാണ് എ ഐ എ ഡി എം കെ അവകാശപ്പെടുന്നത്. അപ്പോളോ ആശുപത്രിയില്‍ നിന്നും ജയലളിത ഭരണകാര്യങ്ങളിലും ഇടപെടുന്നുണ്ടത്രെ. അതേസമയം ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഭരണപക്ഷം കൃത്യമായ വിവരം ജനങ്ങള്‍ക്ക് നല്‍കണം എന്നാണ് ഡി എം കെ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications