ബിഹാര്‍ മുഖ്യമന്ത്രിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
പട്‌ന: ഭരണപ്രതിസന്ധി നേരിടുന്ന ബിഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയെ ജനദാദള്‍ യുണൈറ്റഡ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 6 വര്‍ഷത്തേക്കാണ് മഞ്ജിയെ പുറത്താക്കിയത്. പാര്‍ട്ടി വക്താവ് കെ സി ത്യാഗിയാണ് ഇക്കാര്യം അറിയിച്ചത്. ജെ ഡി യു പ്രസിഡണ്ട് ശരദ് യാദവ് മഞ്ജിയെ പുറത്താക്കി എന്നാണ് കെ സി ത്യാഗി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിച്ച ശേഷം പിന്നീട് വേണ്ടെന്ന് വെച്ചത് അച്ചടക്കലംഘനമാണ്. മഞ്ജിയുടെ കീഴില്‍ ബീഹാറില്‍ വികസനമില്ല എന്നും കുറ്റകൃത്യങ്ങള്‍ പെരുകുന്നു എന്നും സ്വന്തം പാര്‍ട്ടിയുടെ വക്താവ് ആരോപിച്ചു. മഞ്ജിയോട് 48 മണിക്കൂറിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്ന് കെ സി ത്യാഗി ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.

അല്ലാത്ത പക്ഷം നിതീഷ് കുമാറിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണം. ഫെബ്രുവരി 20 വരെ സമയം വേണമെന്നാണ് മഞ്ജി ആവശ്യപ്പെടുന്നത്. ഇത് കുതിരക്കച്ചവടം നടത്താന്‍ വേണ്ടി മാത്രമാണ്. 130 എം എല്‍ എമാരുടെ പിന്തുണയുള്ള നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം അറിയിക്കും.
നിയമസഭ സ്പീക്കറും നിതീഷ് കുമാറാണ് പാര്‍ട്ടിയുടെ നേതാവ് എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ ഏഴ് അംഗങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിക്കൊപ്പമുള്ളത്. പാര്‍ട്ടിയില്‍ നിന്നും 14 എം എല്‍ എമാരുടെ പിന്തുണ മാത്രമേ ഇദ്ദേഹത്തിനുള്ളൂ. മഞ്ജിയെ പുറത്താക്കിയതിനെതിരെ അദ്ദേഹത്തിന്റെ അനുകൂലികള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്ത് വന്നാലും രാജിവെക്കില്ലെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കും എന്നുമാണ് മഞ്ജിയുടെ നിലപാട്.












Click it and Unblock the Notifications