നോട്ട് നിരോധനത്തിന് മുന്‍പ് ബിജെപി സംസ്ഥാനത്ത് കോടികളുടെ ഭൂമി വാങ്ങിക്കൂട്ടി
തങ്ങളുടെ പക്കലുണ്ടായിരുന്ന വന്‍തോതിലുള്ള കറന്‍സി ഒഴിവാക്കാനായിട്ടായിരുന്നു ബിജെപി ഭൂമിക്കച്ചവടം നടത്തിയതെന്നാണ് ആരോപണം.
പറ്റ്‌ന: കേന്ദ്ര സര്‍ക്കാര്‍ 1,000, 500 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നതിന് തൊട്ടുമുന്‍പ് ബിഹാറില്‍ ബിജെപി കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായി ആരോപണം. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് ബിഹാര്‍ ഭരിക്കുന്ന ജനതാദള്‍ യുണൈറ്റഡും, രാഷ്ട്രീയ ജനതാദളും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 25 ജില്ലകളില്‍ ബിജെപി ഭൂമി വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
തങ്ങളുടെ പക്കലുണ്ടായിരുന്ന വന്‍തോതിലുള്ള കറന്‍സി ഒഴിവാക്കാനായിട്ടായിരുന്നു ബിജെപി ഭൂമിക്കച്ചവടം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍, എല്ലാ ജില്ലകളിലും പാര്‍ട്ടി ഓഫീസുകള്‍ക്കുവേണ്ടിയാണ് ഭൂമി വാങ്ങിയതെന്നാണ് ബിജെപിയുടെ വിശദീകരണം. ബിജെപി നേതാവ് സഞ്ജീവ് ചൗരസ്യയാണ് ഇക്കാര്യം വിശദീകരിച്ചത്.

ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ല. പാര്‍ട്ടിക്ക് ഓഫീസ് പണിയാനായാണ് ഭൂമി വാങ്ങിയത്. അതില്‍ തെറ്റില്ലെന്നും ചൗരസ്യ പറയുന്നു. അതേസമയം, ബിജെപിയുടെ കള്ളപ്പണം വെളുപ്പിക്കുകയാണ് ഭൂമി വാങ്ങിയതിലൂടെ ചെയ്തിരിക്കുന്നതെന്ന് ആര്‍ജെഡി എംഎല്‍എ ഭവ് വീരേന്ദ്ര ആരോപിച്ചു. കൃത്യമായ അന്വേഷണം വിഷയത്തില്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നോട്ട് നിരോധനത്തെക്കുറിച്ച് ബിജെപിക്ക് നേരത്തെ അറിവുണ്ടായിരുന്നെന്നതാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. ഇതിന് മുന്നോടിയായാണ് ഭൂമി വാങ്ങിക്കൂട്ടിയത്. ഇത് അതീവ ഗൗരവകരമായ വിഷയമാണ്. എത്രയും പെട്ടെന്ന് അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും ആര്‍ജെഡി ആവശ്യപ്പെട്ടു.












Click it and Unblock the Notifications