ബിജെപി നേതാക്കളെ തെരുവ് നായ്ക്കളോട് ഉപമിച്ച് കർണാടക മന്ത്രി; സർക്കാർ വീഴുന്നത് കാത്ത് കഴിയുകയാണ്
ബെംഗളൂരു: കർണാടകയിലെ ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാരിനെ താഴെയിറക്കി അധികാരം പിടിച്ചെടുക്കാൻ തക്കം പാർത്തിരിക്കുകയാണ് ബിജെപി നേതൃത്വം. കോൺഗ്രസിനുള്ളിലെ പടലപിടക്കങ്ങളും സഖ്യ സർക്കാരിനുള്ളിലെ ഭിന്ന സ്വരങ്ങളും പിന്തുണയാക്കി മാറ്റാനാണ് ബിജെപിയുടെ നീക്കം. ജെഡിഎസ്- കോൺഗ്രസ് സർക്കാർ താഴെ വീഴുമോയെന്ന് കാത്തിരിക്കുന്ന ബിജെപി നേതാക്കളുടെ വായടപ്പിച്ചിരിക്കുകയാണ് ജെഡിഎസ് നേതാവ്.
ബിജെപിക്കെതിരെ രൂക്ഷ വിമർശനവും പരിഹാസവും ഉയർത്തുകയാണ് ജെഡിഎസ് നേതാവും മന്ത്രിയുമായ ഡിസി തമ്മണ്ണ. തെരുവ് നായ്ക്കൾ ഭക്ഷണത്തിന് കാത്തിരിക്കുന്നത് പോലെയാണ് ചില ബിജെപി നേതാക്കൾ സർക്കാർ താഴെ വീഴുമോയെന്ന് നോക്കിയിരിക്കുന്നതെന്നാണ് തമ്മണ്ണയുടെ പരിഹാസം. ബിജെപി എംഎൽഎ ഉമേഷ് ഖട്ടിയുടെ അവകാശവാദത്തിന് മറുപടിയാണ് തമ്മണ്ണയുടെ പരിസാഹം.

15 എംഎൽഎമാർ ബിജെപിക്കൊപ്പം
ഭരണ പക്ഷത്തെ 15 എംഎൽഎമാർ ബിജെപിയുമായി ബന്ധം പുലർത്തുന്നുണ്ടെന്നും സഖ്യസർക്കാരിൽ അസംതൃപ്തരായ അവർ ഉടൻ തന്നെ ബിജെപി പാളയത്തിലെത്തുമെന്നുമായിരുന്നു ഉമേഷ് ഖട്ടിയുടെ അവകാശവാദം. മാത്രമല്ല രണ്ടാഴ്ചയ്ക്കുള്ളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്നും ഉമേഷ് ഖട്ടി തറപ്പിച്ചു പറഞ്ഞു. ഇതിന് മറുപടിയായാണ് തമ്മണ്ണയുടെ പ്രതികരണം.

പത്രസമ്മേളനത്തിനിടെ
ബിജെപി അധ്യക്ഷൻ യെദ്യൂരപ്പ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിനിടെ ആയിരുന്നു എംഎൽഎയുടെ അവകാശവാദം. 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ ബിജെപിയിലേക്ക് എത്തുമെന്നും സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ താഴെ വീഴുമെന്നും ബിജെപി എംഎല്‍എയായ ഉമേഷ് കട്ടി പറഞ്ഞു. എന്നാൽ സർക്കാരിനെ വലിച്ച് താഴെയിടാൻ ഉദ്ദേശമില്ലെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.

മറുപടി
മുൻ മുഖ്യമന്ത്രിയായിരുന്ന ജെഎച്ച് പട്ടേൽ ഒരിക്കൽ നിയസഭയിൽ ഒരു ആനയുടെയും തെരുവ് പട്ടിയുടെയും കഥ പറഞ്ഞു. തെരുവിലൂടെ ഒരു ആന നടക്കുകയാണ്, പിന്നാലെ കുറെ തെരുവു പട്ടികളും. മുകളിൽ നിന്ന് എന്തോ സാധനം ഇപ്പോൾ വീഴും അത് കഴിക്കാമെന്ന് കരുതിയാണ് ഈ നടത്തം. കുറെ നടന്നിട്ടും മുകളിൽ നിന്നും ഒന്നും വീണതുമില്ല, പട്ടികൾക്ക് കഴിക്കാൻ ഒന്നും കിട്ടിയതുമില്ല.

ഇത് ബിജെപിയുടെ കഥ
കർണാടകയിലെ ബിജെപി നേതാക്കളുടെ അവസ്ഥയും ഈ തെരുവ് നായ്ക്കളുടേത് പോലെ ആണെന്നാണ് തമ്മണ്ണയുടെ പരിഹാസം. സർക്കാർ താഴെ വീഴുമെന്ന് കരുതി പിന്നാലെ നടക്കുകയാണ്. പക്ഷെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. മൈസൂരിലെ മധൂരിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വർഷവും കാത്തിരിപ്പ് തുടരും
സർക്കാർ ഇന്ന് വീഴും നാളെ വീഴുമെന്ന് ബിജെപി നേതാക്കൾ പറയാൻ തുടങ്ങിയിട്ട് മാസം ഏഴ് കഴിഞ്ഞു എന്നാൽ അത് സംഭവിക്കാൻ പോകുന്നില്ലെന്നും തമ്മണ്ണ പറഞ്ഞു. അടുത്തിടെ മന്ത്രിസഭാ പുന: സംഘടിപ്പിച്ചപ്പോൾ മന്ത്രി പദവി നഷ്ടമായ കോൺഗ്രസ് നേതാവ് രമേശ് ജാര്‍കിഹോളി ബിജെപിയിലേക്ക് പോകുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. ഒട്ടേറെ എംഎൽഎമാരുടെ പിന്തുണയുള്ള നേതാവാണ് രമേശ് ജാര്‍കിഹോളി.












Click it and Unblock the Notifications