വഖഫ് ഭേദഗതിയെ ചൊല്ലി എന്‍ഡിഎ ആടിയുലയുന്നു; ജെഡിയുവിലും ആര്‍എല്‍ഡിയിലും കൂട്ടരാജി
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി എന്‍ ഡി എ കക്ഷികള്‍ക്കിടയില്‍ അതൃപ്തി പുകയുന്നു. വഖഫ് ഭേദഗതി ബില്ലിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് നിതീഷ് കുമാറിന്റെ ജെ ഡി യുവില്‍ നിന്ന് അഞ്ച് മുതിര്‍ന്ന നേതാക്കള്‍ രാജി വെച്ചു. വഖഫ് ഭേദഗതി ബില്ലിനെ പാര്‍ട്ടി പിന്തുണച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. ജെ ഡി യുവിലെ ഒരു വിഭാഗത്തിന് പാര്‍ട്ടി നിലപാടില്‍ വലിയ അമര്‍ഷമുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബില്‍ തിരിച്ചടിയാകും എന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ രാജിവെച്ചിരിക്കുന്നത്. ലോക്സഭയിലും രാജ്യസഭയിലും പാസായ വഖഫ് ഭേദഗതി ബില്ല് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമമായി മാറും. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് വഖഫ് ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായത്.

ജെ ഡി യു യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസന്‍, ജെ ഡി യു ന്യൂനപക്ഷ സെല്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, അലിഗഡില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദിഖി, ഭോജ്പൂര്‍ ആസ്ഥാനമായുള്ള അംഗം മുഹമ്മദ് ദില്‍ഷന്‍ റെയ്ന്‍, മുഹമ്മദ് കാസിം അന്‍സാരി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
വെള്ളിയാഴ്ചയാണ് ജെ ഡി യു മേധാവിയും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് തബ്രീസ് ഹസന്‍ തന്റെ രാജിക്കത്ത് അയച്ചത്. ബില്ലിനെ പിന്തുണച്ച പാര്‍ട്ടിയുടെ നടപടി മതേതര മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് വിശ്വസിച്ചിരുന്ന മുസ്ലീങ്ങളുടെ വിശ്വാസം തകര്‍ത്തുവെന്ന് അദ്ദേഹം തന്റെ രാജി കത്തില്‍ പറഞ്ഞു. നിതീഷ് കുമാര്‍ മതേതര പ്രതിച്ഛായ കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
'നിങ്ങളുടെ മതേതര പ്രതിച്ഛായ നിലനിര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ മുസ്ലീങ്ങള്‍ക്കെതിരെ ആവര്‍ത്തിച്ച് പ്രവര്‍ത്തിച്ച ശക്തികള്‍ക്കൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് നിയമം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ മുന്‍കാല നീക്കങ്ങളുടെ തുടര്‍ച്ചയായാണ് എന്‍ഡിഎ സര്‍ക്കാരിന്റെ വഖഫ് ബില്‍ കൊണ്ടുവന്നത്. അത് മുസ്ലീം താല്‍പ്പര്യങ്ങള്‍ക്ക് ദോഷം വരുത്തും,' അദ്ദേഹം പറഞ്ഞു.
ബില്ലിനെ എതിര്‍ക്കണം എന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ട് ഉറുദുവിലും ഹിന്ദിയിലും മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിച്ചെങ്കിലും അവ അവഗണിക്കപ്പെട്ടുവെന്ന് ഹസന്‍ കൂട്ടിച്ചേര്‍ത്തു. വളരെ ആലോചിച്ച ശേഷമാണ് രാജിയെ കുറിച്ച് തീരുമാനിച്ചത് എന്നും ഇത് തന്റെ ഉത്തരവാദിത്തത്തിന്റെ അവസാനമല്ല മറിച്ച് ഒരു പുതിയ തുടക്കമാണ് എന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു എന്‍ ഡി എ ഘടകകക്ഷിയായ ആര്‍ എല്‍ ഡിയിലും (രാഷ്ട്രീയ ലോക് ദള്‍) നേതാക്കള്‍ പാര്‍ട്ടി വിടുകയാണ്.
ഉത്തര്‍പ്രദേശില്‍, ആര്‍എല്‍ഡിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഹസൈബ് റിസ്വി വെള്ളിയാഴ്ച പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി മേധാവി ജയന്ത് ചൗധരി മതേതരത്വം ഉപേക്ഷിച്ചുവെന്നും മുസ്ലീങ്ങളെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം തന്റെ രാജി കത്തില്‍ ആരോപിച്ചു. 'മുസ്ലീങ്ങള്‍ വലിയ തോതില്‍ ജയന്ത് ചൗധരിയെ പിന്തുണച്ചു.
എന്നാല്‍ അദ്ദേഹം മുസ്ലീങ്ങള്‍ക്കൊപ്പം നിന്നില്ല എന്ന് റിസ്വി ചൂണ്ടിക്കാട്ടി. ജില്ലാ തലത്തിലുള്ള നിരവധി നേതാക്കളും പാര്‍ട്ടി വിട്ടിട്ടുണ്ട്. ഹാപൂരിലെ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സാക്കിയും ഒരു കൂട്ടം പ്രാദേശിക നേതാക്കളും രാജിവച്ചു. മുസ്ലീം വിഷയങ്ങളില്‍ പാര്‍ട്ടി മൗനം പാലിച്ചുവെന്നും തത്വങ്ങളെക്കാള്‍ അധികാരത്തെ പാര്‍ട്ടി തിരഞ്ഞെടുത്തുവെന്നും ആര്‍ എല്‍ ഡി മേധാവിക്ക് അയച്ച കത്തില്‍ സാക്കി എഴുതി.
'പൊതുജന താല്‍പ്പര്യത്തേക്കാള്‍ രാഷ്ട്രീയ അഭിലാഷത്തിനാണ് പാര്‍ട്ടി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമായി,' അദ്ദേഹം പറഞ്ഞു. വഖഫ് ബില്ലിനെതിരെ വോട്ട് ചെയ്ത 232 പ്രതിപക്ഷ എംപിമാര്‍ക്ക് സാക്കി നന്ദി പറഞ്ഞു. സര്‍ക്കാരിന് ഭൂരിപക്ഷത്തിനുള്ള എണ്ണമുണ്ടെങ്കില്‍ പോലും, ഭരണഘടനയ്ക്കൊപ്പം നിന്നത് ആരാണെന്ന് ചരിത്രം ഓര്‍ക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭയില്‍ 232 നെതിരെ 288 വോട്ടുകള്‍ക്കും രാജ്യസഭയില്‍ 95 നെതിരെ 128 വോട്ടുകള്‍ക്കുമാണ് വഖഫ് ഭേദഗതി ബില്ല് പാസായത്.












Click it and Unblock the Notifications