Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗയിലും പുകഞ്ഞ് ബിഹാര്‍; ബിജെപിയെ അകറ്റി ജെഡിയു, അഭ്യാസം വീട്ടിനകത്ത് മതി!! സഖ്യമില്ലേ?

പട്‌ന: രാജ്യമെമ്പാടും യോഗദിനാചരണം പൊടിപൊടിക്കുമ്പോള്‍ ബിഹാറില്‍ നിന്ന് വ്യത്യസ്തമായ വാര്‍ത്ത. മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു യോഗദിനാചരണത്തില്‍ നിന്ന് വിട്ടുനിന്നു. സംസ്ഥാനത്ത് ബിജെപി നേതാക്കളും അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമാണ് യോഗ ദിനാചരണത്തിന് മുന്‍കൈ എടുത്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിഷയത്തില്‍ സീറ്റ് പങ്കുവയ്ക്കലില്‍ ഭിന്നത ഉടലെടുത്തിരിക്കെയാണ് ബിജെപി നേതാക്കളോടൊപ്പം ചടങ്ങില്‍ പങ്കെടുക്കാതെ ജെഡിയു വിട്ടുനിന്നത്. യോഗാഭ്യാസം ആള്‍ക്കൂട്ടം പരസ്യമായി ചെയ്യുന്നതിനോട് യോജിപ്പില്ലെന്നാണ് ജെഡിയു നേതാക്കളുടെ പ്രതികരണം. ജെഡിയു-ബിജെപി സഖ്യം പൊളിയുമോ എന്ന ചോദ്യവും ബിഹാറില്‍ ഉയര്‍ന്നിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

കശ്മീരിന് പിന്നാലെ ബിഹാര്‍

കശ്മീരിന് പിന്നാലെ ബിഹാര്‍

ജമ്മു കശ്മീരിലെ സഖ്യസര്‍ക്കാരില്‍ നിന്ന് ബിജെപി പിന്‍മാറിയത് കഴിഞ്ഞദിവസമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ പിഡിപിയുമായി ചേര്‍ന്നായിരുന്നു കശ്മീരില്‍ ബിജെപി ഭരണകക്ഷിയുടെ ഭാഗമായത്. ബിഹാറില്‍ ഭരണം പിടിക്കാന്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്കൊപ്പം ചേരുകയായിരുന്നു ബിജെപി. ഈ സഖ്യത്തില്‍ ഭിന്നസ്വരങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് ഏറെ നാളായി.

 സീറ്റ് വിഭജന പൊല്ലാപ്പ്

സീറ്റ് വിഭജന പൊല്ലാപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യ പകുതിയിലാണെങ്കിലും ബിഹാറില്‍ ഇപ്പോള്‍ തന്നെ സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. 40 ലോക്‌സഭാ മണ്ഡലങ്ങളാണ് ബിഹാറില്‍. ഇതില്‍ കൂടുതല്‍ തങ്ങള്‍ക്ക് കിട്ടണമെന്നാണ് ജെഡിയുവിന്റെ നിലപാട്. എന്നാല്‍ ബിജെപി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പ്രശ്‌നങ്ങളും വാക് യുദ്ധങ്ങളും

പ്രശ്‌നങ്ങളും വാക് യുദ്ധങ്ങളും

ബിഹാറില്‍ ജെഡിയു ഇല്ലാതെ ബിജെപിക്ക് മികച്ച് വിജയം സാധ്യമല്ല. ഭിന്നത രൂക്ഷമായി തുടരുന്നത് ഇരുപാര്‍ട്ടികള്‍ക്കും ഒരുപോലെ തിരിച്ചടിയാണ്. എന്‍ഡിഎയുടെ ബിഹാറിലെ മുഖം നിതീഷ് കുമാറാണെന്നാണ് ജെഡിയു നേതാക്കള്‍ പറയുന്നത്. എന്നാല്‍ അങ്ങനെ ഒരു മുഖം ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും നരേന്ദ്ര മോദിയുമാണ് എന്‍ഡിഎയുടെ മുഖമെന്ന് ബിജെപി വ്യക്തമാക്കുന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് യോഗദിനാചരണം.

മുഖ്യമന്ത്രിയും കൂട്ടരും വിട്ടുനിന്നു

മുഖ്യമന്ത്രിയും കൂട്ടരും വിട്ടുനിന്നു

യോഗദിനാചരണം രാജ്യത്തെ മിക്ക സ്ഥലങ്ങളിലും വന്‍ ആഘോഷമായി തന്നെ നടന്നിട്ടുണ്ടെങ്കിലും ബിഹാറില്‍ അല്‍പ്പം മങ്ങി. കാരണം മുഖ്യമന്ത്രിയും കൂട്ടരും ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നു. ബിജെപി കൈകാര്യം ചെയ്യുന്ന ആരോഗ്യ വകുപ്പ് മുന്‍കൈയ്യെടുത്താണ് ബിഹാറില്‍ യോഗദിനാചരണം സംഘടിപ്പിച്ചത്. അതില്‍ ജെഡിയു നേതാക്കളാരും പങ്കെടുത്തില്ല.

നിതീഷ് കുമാര്‍ അറിയിച്ചില്ല

നിതീഷ് കുമാര്‍ അറിയിച്ചില്ല

ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, രവിശങ്കര്‍ പ്രസാദ്, രാം കൃപാല്‍ യാദവ് ഉള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാര്‍ എന്നിവരെല്ലാം യോഗദിനാചരണത്തില്‍ പങ്കെടുത്തു. എന്നാല്‍ ജെഡിയു നേതാക്കള്‍ വിട്ടുനിന്നു. എവിടെ നടക്കുന്ന പരിപാടിയിലാണ് നിതീഷ് കുമാര്‍ പങ്കെടുക്കുക എന്ന് ജെഡിയു അറിയിച്ചിട്ടുമുണ്ടായിരുന്നില്ല.

ജെഡിയുവിന്റെ പ്രതികരണം

ജെഡിയുവിന്റെ പ്രതികരണം

യോഗ പരസ്യമായി മാത്രമല്ല, വീട്ടിനകത്ത് വച്ചും അഭ്യസിക്കാമെന്നാണ് ഇതിനോടുള്ള പ്രതികരമായി ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ബാഷിഷ്ത് നാരായണ്‍ സിങ് പറഞ്ഞത്. ആരുടെയെങ്കിലും ഒപ്പം ചേര്‍ന്ന് നിന്ന് യോഗ അഭ്യസിക്കണമെന്നില്ല. വീട്ടില്‍ വച്ചും ചെയ്യാം. യോഗ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മോദിയുടെ അഭ്യര്‍ഥന അഭിന്ദനാര്‍ഹമാണ്. യോഗ ചെയ്യാന്‍ പ്രത്യേക ആഘോഷമോ സ്ഥലമോ ആവശ്യമില്ലെന്നും നാരായണ്‍ സിങ് കൂട്ടിച്ചേര്‍ത്തു.

മോദി പദ്ധതികള്‍ക്ക് വിമര്‍ശനം

മോദി പദ്ധതികള്‍ക്ക് വിമര്‍ശനം

ബിഹാറില്‍ സഖ്യമുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കാറുണ്ട് ജെഡിയു. മോദിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു നോട്ട് നിരോധനം. രാജ്യത്ത് അഴിമതി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. നോട്ട് നിരോധനത്തെ നേരത്തെ പ്രശംസിച്ച വ്യക്തി കൂടിയാണ് നിതീഷ്‌കുമാര്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നോട്ട് നിരോധനത്തിന്റെ വിമര്‍ശകനമാണ്.

സമ്പന്നരെ സഹായിച്ചു

സമ്പന്നരെ സഹായിച്ചു

എന്തു നേട്ടമാണ് നോട്ടം നിരോധനം മൂലം ഉണ്ടായതെന്ന് നിതീഷ് ചോദിക്കുന്നു. നോട്ട് നിരോധനത്തെ ഞാന്‍ പിന്തുണച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ ഞാന്‍ ചോദിക്കുകയാണ്. എത്ര പേര്‍ക്ക് ഇതുകൊണ്ടു നേട്ടമുണ്ടായി. സമ്പന്നര്‍ അവരുടെ പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റി. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിതീഷ് കുമാര്‍ മോദിയുടെ പദ്ധതികളെ വിമര്‍ശിച്ചത്.

നിക്ഷേപം അനുവദിക്കില്ല

നിക്ഷേപം അനുവദിക്കില്ല

സ്വകാര്യ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബിഹാറിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്തിടത്തോളം കാലം ബിഹാറില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കില്ലെന്ന് നിതീഷ് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷമുണ്ടായ പ്രളയത്തിന് ശേഷമാണ്് ജെഡിയു-ബിജെപി സഖ്യത്തില്‍ വിള്ളല്‍ പ്രകടമായത്. കേന്ദ്രം മതിയായ നഷ്ടപരിഹാരം അനുവദിക്കാത്തതാണ് ജെഡിയുവിന്റെ അനിഷ്ടത്തിന് കാരണം.

കേന്ദ്രം സഹായിച്ചില്ല

കേന്ദ്രം സഹായിച്ചില്ല

പ്രളയം മൂലം ബിഹാറില്‍ 500 ലേറെ പേര്‍ മരിച്ചിരുന്നു. 1.6 കോടി ജനങ്ങളെ ബാധിക്കുകയും ചെയ്തു. 7636 കോടി രൂപയുടെ ധനസഹായമാണ് ബിഹാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മോദി ആകാശ മാര്‍ഗം ദുരന്ത മേഖല സന്ദര്‍ശിച്ചുതിരിച്ചു പോയി. പക്ഷേ പ്രഖ്യാപിച്ചത് വെറും 1711 കോടി മാത്രം. ഇതിലുള്ള അമര്‍ഷം ജെഡിയു നേതാക്കള്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ജെഡിയു ഏറെ കാലമായി ഉന്നയിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+