മണിപ്പൂരില്‍ ജെഡിയുവിന് മനമാറ്റം, 6 എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കും
ദില്ലി: മണിപ്പൂരില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ജെഡിയു. ആറ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കും. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടുണ്ട്. 32 സീറ്റാണ് ബിജെപി നേടിയത്. അതേസമയം കോണ്‍ഗ്രസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതുവരെ കാണാത്ത തരത്തിലുള്ള തകര്‍ച്ചയാണ് അവര്‍ നേരിട്ടത്. സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളാണ് മണിപ്പൂരില്‍ ബിജെപി നടത്തുന്നത്. ബിരേന്‍ സിംഗ് തന്നെ മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി തകര്‍ക്കുമെന്ന് പ്രചാരണം നടത്തിയതാണ് ജെഡിയു. അപ്രതീക്ഷിതമായിട്ടാണ് പാര്‍ട്ടി ബിജെപിയെ പിന്തുണച്ചിരിക്കുന്നത്. ബിജെപി മണിപ്പൂരില്‍ മത്സരിച്ചതും ഒറ്റയ്ക്കായിരുന്നു.

സംസ്ഥാന നിയമസഭയില്‍ പാര്‍ട്ടിയെ നയിക്കുന്നതിനായി ജോയ് കിഷന്‍ സിംഗിനെ നിയമസഭാ കക്ഷി നേതാവായി ജെഡിയു തിരഞ്ഞെടുത്തു. ബിജെപി ജനവിധിയെ മാനിച്ചുള്ള ഭരണം നടത്തുമെന്നാണ് കരുതുന്നതെന്നും ജെഡിയു പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ബിജെപി ഭരണം പിടിച്ചതില്‍ കോണ്‍ഗ്രസ് ക്യാമ്പ് ആകെ നിരാശരാണ്. മുഖ്യമന്ത്രി ബിരേന്‍ സിംഗിനെതിരെ കടുത്ത ജനവികാരം സംസ്ഥാനത്തുണ്ടായിരുന്നു. പക്ഷേ അത് മുതലെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പാര്‍ട്ടി സമ്പൂര്‍ണമായി തകര്‍ന്നു. ജെഡിയുവിന് പിന്നലായിരുന്നു പാര്‍ട്ടി. അതേസമയം ബിരേന്‍ സിംഗിന് അനുകൂലമായി നിരവധി കാര്യങ്ങള്‍ മണിപ്പൂരില്‍ വന്നുവെന്നാണ് ഫലം വന്നപ്പോള്‍ മനസ്സിലാകുന്നത്.
കോണ്‍ഗ്രസിന്റെ ഒക്രം ഇബോബി സിംഗിന്റെ ഭരണത്തെ അപേക്ഷിച്ച് ബിരേന്‍ സിംഗിന്റെ ഭരണം വിഘടനവാദത്തെ ഇല്ലാത്ത നാളുകളായിരുന്നു. ബന്ദുകളും, റോഡ് തടയലും കസ്റ്റഡി മരണങ്ങളുമൊന്നും ബിരേന്‍ സിംഗിന്റെ കാലത്തുണ്ടായിരുന്നു. മണിപ്പൂരിന്റെ സംബന്ധിച്ച് സമാധാനപൂര്‍ണമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം. പ്രതിഷേധങ്ങളും കല്ലെറിയലുമൊന്നും ഇപ്പോഴുണ്ടാവുന്നില്ല. ഇത് ബിജെപി ജയിക്കാനുള്ള മാര്‍ഗമായി സ്വീകരിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. പ്രാദേശിക പാര്‍ട്ടികളായ എന്‍പിപിയും ജെഡിയുവും ഇതില്‍ നിന്ന് മുതലെടുത്തു എന്ന് വ്യക്തമാണ്. കോണ്‍ഗ്രസ് അതോടെ തകര്‍ന്നു. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ നിന്നാണ് വോട്ട് ചോര്‍ത്തിയത്.
കേന്ദ്രത്തിന്റെ ഭരണം ബിജെപി സര്‍ക്കാരിന് വലിയ മുന്‍തൂക്കമായിരുന്നു. അതിലുപരി വളരെ ദുര്‍ബലമായ പ്രതിപക്ഷമായിരുന്നു ഇത്തവണ. 2017ല്‍ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു. എന്നാല്‍ കൂറുമാറ്റം കൊണ്ട് പാര്‍ട്ടി തകര്‍ന്നു. 27 സീറ്റില്‍ പതിമൂന്നിലേക്കാണ് കോണ്‍ഗ്രസ് വീണത്. നേതൃത്വം എന്ന് പറയുന്നത് കോണ്‍ഗ്രസിനില്ലായിരുന്നു. അതുകൊണ്ട് ദുര്‍ബലമായിരുന്നു പാര്‍ട്ടി. ഒക്രം ഇബോബി സിംഗ് പ്രചാരണത്തിന് രണ്ട് മാസം മുമ്പാണ് കളത്തിലെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷവും അദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇത്തവണ വോട്ടര്‍മാരെ മാറി ചിന്തിപ്പിക്കുന്ന ഘടകങ്ങള്‍ വളരെ കുറവായിരുന്നു. പ്രശ്‌നങ്ങളെല്ലാം പ്രചാരണത്തില്‍ ബിജെപി പരിഹരിച്ചു. ഇത് വിജയം എളുപ്പമാക്കുകയായിരുന്നു.












Click it and Unblock the Notifications