ജെഇഇ മെയിൻ പരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചു: പരീക്ഷകൾ ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ, രജിസ്ട്രേഷന് അനുമതി
ദില്ലി: ജെഇഇ മെയിൻ പരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചു. എപ്രിൽ- മെയ് മാസങ്ങളിലായി നടത്താനിരുന്ന പ്രവേശന പരീക്ഷ ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായാണ് നടത്തുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രില രമേശ് പൊഖ്രിയാൽ ഇക്കാര്യം പ്രഖ്യാപിച്ചത്. ജെഇഇ മെയിൻ പരീക്ഷയുടെ മൂന്നാമത്തെ സെഷൻ ജൂലൈ 20 മുതൽ ജൂലൈ 25 വരെ നടക്കും.
നാലാമത്തെ സെഷൻ ജൂലൈ 27 മുതൽ ആഗസ്റ്റ് 2 വരെ നടക്കും. നേരത്തെ കൊവിഡ് മൂലം രജിസ്റ്റർ ചെയ്യാതിരുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. എൻടിഎ ജൂലൈ ആറ് മുതൽ തന്നെ അപേക്ഷ സമർപ്പിക്കാൻ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജൂലൈ എട്ടിന് രാത്രിവരെയാണ് അപേക്ഷ നൽകുന്നതിന് സമയം അനുവദിച്ചിട്ടുള്ളത്.

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചുവന്ന സാഹചര്യത്തിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഏപ്രിൽ- മെയ് മാസങ്ങളിലായി നടത്താനിരുന്ന ജെഇഇ മെയിൻ പരീക്ഷ നീട്ടിവെച്ചത്. ഏപ്രിലിൽ 27, 28,30 തിയ്യതികളിലും മെയിൽ 24,25,26,27, 28 തിയ്യതികളിലുമാണ് നേരത്തെ പ്രേവേശന പരീക്ഷ നടന്നത്. ആദ്യത്തെ രണ്ട് സെഷൻ ഫെബ്രുവരി മാർച്ച് മാസങ്ങളിലായി നടന്നിരുന്നു. ഫെബ്രുവരി 23- 26 വരെയുള്ള ദിവസങ്ങളിലും മാർച്ച് 16-18 വരെയുമാണ് പരീക്ഷ നടന്നത്. ആദ്യ സെഷനിൽ ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷക്കിരുന്നത്. രണ്ടാമത്തെ സെഷനിൽ അഞ്ച് ലക്ഷം വിദ്യാർത്ഥികളും പരീക്ഷയെഴുതി.
കോവിഡ് വ്യാപനത്തിനിടെ വിദ്യാർത്ഥികൾക്ക് എളുപ്പമാക്കാൻ ഈ വർഷത്തെ ജെഇഇ മെയിൻ പരീക്ഷയെ നാല് സെഷനുകളായി നടത്തുമെന്നാണ് എൻടിഎ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. "ജെഇഇ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഇപ്പോൾ ഒന്നിലധികം അവസരങ്ങൾ ലഭിക്കും. അതിനാൽ ഒരു വിദ്യാർത്ഥി ഒരു ശ്രമത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ, അയാൾക്ക് / അവൾക്ക് ഒരു വർഷത്തിൽ മൂന്ന് തവണ കൂടി പരീക്ഷയെഴുതാൻ കഴിയുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) എന്നിവയുൾപ്പെടെ ഇന്ത്യയിലെ ബിരുദ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണ് ജെഇഇ മെയിൻ.












Click it and Unblock the Notifications