മധ്യപ്രദേശ് സ്‌ഫോടനം; വീട്ടില്‍ നിന്നും വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു
ജാബുവ: മധ്യപ്രദേശിലെ ജാബുവയ്ക്കടുത്ത് പെതല്‍വാദില്‍ 89 പേരുടെ മരണത്തിനിടയാക്കിയ ഉഗ്രസ്‌ഫോടനവുമായി ബന്ധപ്പെട്ട് വന്‍ സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ ഉടമയായ രാജേന്ദ്ര കസാവ എന്നയാളുടെ സഹോദരനായ നരേന്ദ്ര കസാവയുടെ വീട്ടില്‍ നിന്നുമാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
നരേന്ദ്രയുടെ മഹാവീര്‍ കോളനിയിലെ വീട്ടില്‍ നിന്നും 69 ഡിറ്റനേറ്ററുകള്‍, രണ്ട് ബാറ്ററികള്‍, ജലാറ്റിന്‍ സ്റ്റിക് എന്നിവ കണ്ടെടുത്തതായി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര സിങ് ബായിസ് പറഞ്ഞു. രാജേന്ദ്ര കസാവ കെട്ടിടത്തില്‍ അനധികൃതമായി സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതാണ് സ്‌ഫോടനത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

കിണര്‍ കുഴിക്കാനും മറ്റും സ്‌ഫോടനം നടത്താന്‍ ലൈസന്‍സ് ഉള്ളയാളാണ് രാജേന്ദ്ര. എന്നാല്‍, ലൈസന്‍സിന്റെ മറവില്‍ അശ്രദ്ധമായി സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതാണ് 89 പേരുടെ ജീവനെടുത്തത്. രാജേന്ദ്രയ്‌ക്കൊപ്പം സഹോദരന്‍ നരേന്ദ്രയും ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ്.
പെതല്‍വാദില്‍ ശനിയാഴ്ച രാവിലെയുണ്ടായ പൊട്ടിത്തെറിയില്‍ 89 പേര്‍ മരിക്കുകയും നൂറിലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിരക്കേറിയ ബസ്റ്റാന്റിന് അരികിലുള്ള റെസ്റ്റൊറന്റിലാണ് സ്‌ഫോടനം ഉണ്ടായത് എന്നതിനാലാണ് മരണസംഘ ഉയര്‍ന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications