ജാര്‍ഖണ്ഡില്‍ എക്‌സ് ഫാക്ടര്‍ ഹേമന്ത് സോറന്‍ തന്നെ; നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി സംസ്ഥാനം
റാഞ്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഒടുങ്ങും മുമ്പ് ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്. നവംബര്‍ അഞ്ചിനാണ് നിലവിലെ ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. എന്‍ഡിഎയും ഇന്ത്യാ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് ഇത്തവണ ജാര്‍ഖണ്ഡ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. 81 അംഗ നിയമസഭയാണ് ജാര്‍ണ്ഡിലേത്.
2019 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 14 സീറ്റില്‍ 11 ലും ബിജെപിയായിരുന്നു ജയിച്ചത്. ജെഎംഎമ്മിന് ഒരു സീറ്റ് മാത്രമാണ് നേടാനായിരുന്നത്. എന്നാല്‍ അതിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎംഎം ഉള്‍പ്പെട്ട യുപിഎ 47 സീറ്റ് നേടി അധികാരം പിടിച്ചു. ബിജെപിക്ക് 25 സീറ്റാണ് ലഭിച്ചത്. ജെഎംഎം 30 സീറ്റും കോണ്‍ഗ്രസ് 16 സീറ്റും ആര്‍ജെഡി ഒരു സീറ്റും നേടി.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനായില്ല. ബിജെപി എട്ട് സീറ്റ് നേടിയപ്പോള്‍ ജെഎംഎം കഴിഞ്ഞ തവണത്തെ ഒരു സീറ്റ് മൂന്നാക്കി ഉയര്‍ത്തി. ജെഎംഎം തലവന്‍ ഹേമന്ത് സോറനെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ ഇഡി അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
അതിനാല്‍ തന്നെ രാഷ്ട്രീയ നിരീക്ഷകരുടെയെല്ലാം കണ്ണ് ജാര്‍ഖണ്ഡിലാണ്. ഹേമന്ത് സോറന് പകരം ചമ്പൈ സോറനാണ് ഇപ്പോള്‍ മുഖ്യമന്ത്രി കസേരയില്‍. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ സഖ്യമാണ് എന്‍ഡിഎയെ നേരിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്ത അഞ്ച് സീറ്റിലും ബിജെപി പരാജയപ്പെട്ടിരുന്നു.
ജാര്‍ഖണ്ഡിലെ 14 ലോക്സഭാ സീറ്റുകളില്‍ സംവരണ (പട്ടികജാതി) സീറ്റായ പലാമു ഉള്‍പ്പെടെ 8 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ (എജെഎസ്യു) ത്രികോണ മത്സരത്തില്‍ സംവരണേതര സീറ്റായ ഗിരിദിഹ് വിജയിച്ചു. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതിനെതിരായ തിരിച്ചടിയായാണ് ബിജെപിയുടെ പ്രകടനം വ്യാഖ്യാനിക്കപ്പെടുന്നത്.
ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം-കോണ്‍ഗ്രസ് സഖ്യം 2019 ല്‍ അധികാരത്തിലെത്തിയ ശേഷം, സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും സന്താളുമായ ബാബുലാല്‍ മറാണ്ടിയെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി കൊണ്ടുവന്ന് ബിജെപി ശ്രദ്ധ നേടിയിരുന്നു. പക്ഷേ, വ്യക്തമായും, ഒരു ആദിവാസി മുഖ്യമന്ത്രിയെ ജയിലിലേക്ക് അയച്ചെന്ന പ്രചരണം തടയാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായില്ല.
ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍ നടത്തിയ പ്രചാരണത്തില്‍ രാജ്മഹല്‍, ദുംക, സിംഗ്ഭും എന്നീ മൂന്ന് സീറ്റുകളില്‍ ജെഎംഎം വിജയിച്ചു. ബിജെപിയോടുള്ള ജനരോഷമാണ് ലോക്‌സഭാ ഫലങ്ങളില്‍ പ്രതിഫലിച്ചത്. ഖുന്തിയില്‍ അര്‍ജുന്‍ മുണ്ട കോണ്‍ഗ്രസിന്റെ കാളീചരണ്‍ മുണ്ടയോട് 1.5 ലക്ഷം വോട്ടിന് തോറ്റത് ഇതിനുദാഹരണമാണ്. വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ബിജെപിക്ക് 7 ശതമാനം കുറവുണ്ടായപ്പോള്‍ ജെഎംഎമ്മും കോണ്‍ഗ്രസും 4 ശതമാനം വീതം വര്‍ധിപ്പിച്ചു.
സിംഗ്ഭൂം, ലോഹര്‍ദാഗ, രാജ്മഹല്‍ എന്നിവിടങ്ങളില്‍ ജെഎംഎമ്മിന്റെ വിജയ മാര്‍ജിന്‍ 1.3 മുതല്‍ 1.7 ലക്ഷം വരെയാണ്. ലോക്‌സഭയിലേക്ക ബിജെപി-എജെഎസ്യു സഖ്യത്തിനെതിരെ പ്രതിപക്ഷം കോണ്‍ഗ്രസ്, ജെഎംഎം, ആര്‍ജെഡി, സിപിഐ (എംഎല്‍) എന്നീ നാലു പാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ചു. കോണ്‍ഗ്രസ് ഏഴും ജെഎംഎം അഞ്ചും ആര്‍ജെഡി, സിപിഐ എംഎല്‍ എന്നിവര്‍ ഒരിടത്തും മത്സരിച്ചു.
ഇതില്‍ ജെഎംഎം മൂന്നിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും വിജയിച്ചു. എന്നാല്‍ ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള ധന്ബാദ്, റാഞ്ചി തുടങ്ങിയ നഗരപ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല എന്നത് മുന്നണിക്ക് തിരിച്ചടിയാണ്. എങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനായാല്‍ ഇന്ത്യാ സഖ്യത്തിന് നേട്ടം കൊയ്യാം. ഹേമന്ത് സോറന്റെ അറസ്റ്റ് സന്താള്‍, ഒറോണ്‍, മുണ്ട, ഖരിയ, ഹോ, പഹാരിയ എന്നീ ഗോത്രവര്‍ഗ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചിരിക്കുന്നു.
ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രശ്നമുണ്ടാക്കിയേക്കാം. യുവ കുര്‍മി നേതാവായ ജയറാം മഹ്‌തോയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡി ഭാഷാ ഖതിയാന്‍ സംഘര്‍ഷ് സമിതി (ജെബികെഎസ്എസ്) ഇത്തവണ ശ്രദ്ധേയ സാന്നിധ്യമായേക്കും. ഒരു ലോക്സഭാ സീറ്റില്‍ പോലും വിജയിച്ചില്ലെങ്കിലും ഗിരിദിഹ് ഉള്‍പ്പെടെയുള്ള സീറ്റുകളിലുടനീളം മികച്ച വോട്ടുകള്‍ നേടാന്‍ ജെബികെഎസ്എസിന് സാധിച്ചു. ജെഎംഎമ്മിനും എജെഎസ്യുവിനും ശേഷം, താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്നുവരുന്ന ജെബികെഎസ്എസ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാനാണ് സാധ്യത.












Click it and Unblock the Notifications