ജാർഖണ്ഡിൽ 'ഇന്ത്യ സഖ്യം' പൊളിഞ്ഞു; തനിച്ച് മത്സരിക്കാൻ ഇടതുപാർട്ടികൾ..സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
സീറ്റ് വിഭജനം കല്ലുകടിയായതോടെ ജാർഖണ്ഡിൽ തനിച്ച് മത്സരിക്കാൻ ഇടതുപാർട്ടികൾ. സി പി എമ്മും സി പി ഐയും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തമർ, ബഹറാഗോര, മന്ദാർ, ജമ , പാകുർ, ജംതാര, മഹേസ്പൂർ,സിസായി, ഛത്ര എന്നിങ്ങനെ 9 മണ്ഡലങ്ങളിലെ പട്ടികയാണ് സി പി എം പുറത്തുവിട്ടത്. 15 മണ്ഡലങ്ങളിലാണ് സി പി ഐ മത്സരിക്കുന്നത്.
തമർ, സിസായ്, മന്ദാർ,ബഹ്റാഗോര എന്നിവിടങ്ങളിൽ സി പി എം സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. തമറിൽ നിന്നും സുരേഷ് മുണ്ടയാണ് മത്സരിക്കുന്നത്. ബഹറാഗോരയിൽ സപൻ മഹതോ, സിസായിയിൽ മധുവ കച്ചപ്പ്, ഛത്രയിൽ പുൻ ബുയോ, മണ്ഡലിൽ ലഖാൻ ലാൽ, ജംതാരയിൽ ലഖാൻ ലാൽ മണ്ഡൽ, പാകുറിൽ എംഡി ഷേഖ് സെയ്ഫുദ്ദീൻ, മഹേസ്പൂരിൽ ഗോപിൻ സോറൻ, ജമയിൽ സനാതൻ ദെഹ്റി , മന്ദാറിൽ കൃതി മുണ്ഡ എന്നിവരാണ് മത്സരിക്കുന്നത്.

സി പി ഐ 11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നള മണ്ഡലത്തില്‍ നിന്ന് കന്‍ഹായ് ചന്ദ്രമല്‍ പഹാഡിയ, ശരതിൽ നിന്നും ഛായ, ബര്‍കതയിൽ മഹാദേവ് റാം, ദല്‍തോംഗഞ്ചിൽ രുചിര്‍ തിവാരി, കാങ്കെയിൽ സന്തോഷ് കുമാര്‍ രാജക്, സിമാരിയയിൽ നിന്നും സുരേഷ് കുമാര്‍ ഭൂയ, ഛത്ര മണ്ഡലത്തില്‍ ദോമൻ ഭൂയ, ബിഷൺപൂരിൽ മഹേന്ദ്ര ഒറയോൺ, ഭവനത്പൂരിൽ ഖനശ്യാം പഥക് എന്നിവരാണ് മത്സരിക്കുന്നത്.
ജെ എം എം-കോൺഗ്രസ് സഖ്യത്തിനെതിരെ അതിരൂക്ഷമായ ഭാഷയിൽ സി പി ഐ നേതൃത്വം ആഞ്ഞടിച്ചു.'ഞങ്ങൾ സഖ്യത്തിന്റെ ഭാഗമായിരുന്നു. ഇരുപാർട്ടിയിലേയും മുതിർന്ന നേതാക്കൾ തന്നെ ഞങ്ങളുമായി ചർച്ച നടത്തി ചില ഉറപ്പുകൾ തന്നു. എന്നാൽ അവർ ഉറപ്പുകൾ പാലിച്ചില്ല. അതിനാലാണ് തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത്', സി പി ഐ സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥക് പറഞ്ഞു. ജെ എം എം സർക്കാർ കഴിഞ്ഞ 5 വർഷമായി യുവാക്കളെ വഞ്ചിച്ചുവെന്നും മഹേന്ദ്ര പഥക് ആരോപിച്ചു.
അതിനിടെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാൻ ആർ ജെ ഡിയിൽ തീരുമാനമായി. ആറ് സ്ഥാനാർത്ഥികളേയും ആർ ജെ ഡി പ്രഖ്യാപിച്ചു. നേരത്തേ 22 സീറ്റുകൾ ആർ ജെ ഡി ആവശ്യപ്പെട്ടിരുന്നു. ഇത് ജെ എം എമ്മും കോൺഗ്രസും അംഗീകരിച്ചിരുന്നില്ല. തുടർന്ന് ആർ ജെ ഡി തനിച്ച് മത്സരിച്ചേക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ദ് സോറനുമായി കഴിഞ്ഞ ദിവസം ഫോണിലൂടെ ചർച്ച നടത്തി. തേജസ്വി യാദവും ഹേമന്ദ് സോറനും തമ്മിലും സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തികൾ ചർച്ച ചെയ്ത് പരിഹരിച്ചതെന്നാണ് സൂചന. ഇതോടെ ഇന്ത്യ സഖ്യത്തിലെ സീറ്റ് വിഭജനം പൂർത്തിയായി.
ജെ എം എം 41 സീറ്റുകളിലും കോൺഗ്രസ് 30 സീറ്റുകളിലും മത്സരിക്കും. നാല് സീറ്റുകൾ സി പി ഐ-എം എലിന് നൽകി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 43 മണ്ഡലങ്ങളിലാണ് ജെ എം എം മത്സരിച്ചത്. ഇതിൽ 30 സീറ്റുകൾ പാർട്ടി വിജയിച്ചു. 31 ഇടത്ത് മത്സരിച്ച കോൺഗ്രസ് 16 മണ്ഡലങ്ങളിലും ആറിടത്ത് മത്സരിച്ച ആർജെഡി 1 സീറ്റിലുമാണ് വിജയിച്ചത്.












Click it and Unblock the Notifications