ജാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്: സമരക്കാർക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും കണ്ണീർവാതകവും
ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അടക്കമുളളവര്‍ക്കെതിരെ പോലീസ് നടപടി. ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മാത്രമല്ല നിയമസഭയ്ക്ക് സമീപത്ത് എത്തിയ സമര്‍ക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
ക്രമക്കേട് ആരോപിക്കപ്പെടുന്ന പരീക്ഷകള്‍ റദ്ദാക്കണമെന്നും വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്നുമാണ് സമരക്കാരുടെ ആവശ്യം. ദേശീയ പതാകയും തങ്ങളുടെ ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് സമരക്കാര്‍ മാര്‍ച്ചിന് എത്തിയിരുന്നത്. നിയമസഭാ പരിസരത്ത് വലിയ തോതില്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പലയിടത്തും സമരക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറി.

രാവിലെ പത്തരയ്ക്ക് പഴയ നിയമസഭാ കെട്ടിട പരിസരത്ത് നിന്നുമാണ് നിലവിലെ നിയമസഭയിലേക്ക് സമരക്കാരുടെ മാര്‍ച്ച് ആരംഭിച്ചത്. സമരക്കാര്‍ ബാരിക്കേഡുകള്‍ മറികടന്ന് നിയമസഭയ്ക്ക് സമീപത്ത് എത്തിയപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാല്‍ സമരക്കാര്‍ ജലപീരങ്കികള്‍ക്ക് മുന്നില്‍ ദേശീയ പതാക വീശി നൃത്തം ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
അതിന് ശേഷം സമരക്കാര്‍ വീണ്ടും നിയമസഭയിലേക്ക് നീങ്ങാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സമരക്കാര്‍ നിയമസഭയ്ക്ക് 200 മീറ്റര്‍ അകലെ എത്തിയതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും നിരവധി റൗണ്ട് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസുകാര്‍ മുഖത്തും കയ്യിലും തലയ്ക്കും അടക്കം മര്‍ദ്ദിച്ചതായി സമരക്കാര്‍ പറയുന്നു.


Click it and Unblock the Notifications