ജാർഖണ്ഡ് ഇന്ത്യാ സഖ്യത്തെ കൈവിടും? അധികാരം ബിജെപി സഖ്യത്തിനെന്ന് പീപ്പിള്‍ പ്ലസ് എക്സിറ്റ് പോള്‍
റാഞ്ചി: ജാർഖണ്ഡില്‍ ജെ എം എം - കോണ്‍ഗ്രസ് സഖ്യത്തിന് ആശങ്ക നല്‍കി എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്ത് വന്ന സർവ്വേകളില്‍ മിക്കവയും അവകാശപ്പെടുന്നത് സംസ്ഥാനത്തെ ഹേമന്ത് സോറർ സർക്കാറിനെ താഴെ വീഴ്ത്തി ബി ജെ പി അധികാരത്തില്‍ വരുമെന്നാണ്. ജാർഖണ്ഡില്‍ ബി ജെ പിക്ക് ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി ഭരണം പിടിക്കാന്‍ സാധിക്കുമെന്നാണ് പീപ്പിള്‍ പ്ലസ് സർവ്വേയുടെ പ്രവചനം.
ആകെ 81 സീറ്റുകളുള്ള സംസ്ഥാനത്ത് 44 മുതല്‍ 53 വരെ സീറ്റുകള്‍ ബി ജെ പിക്ക് ലഭിക്കുമെന്ന് പീപ്പിള്‍ പ്ലസ് പറയുന്നു. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. ഭരണമുന്നണിയായ ജെ എം എം - കോണ്‍ഗ്രസ് സഖ്യം 25 സീറ്റിലേക്ക് ഒതുങ്ങിയേക്കും. ഏറ്റവും മികച്ച പ്രകടനം നടത്തുകയാണെങ്കിലും ഇവർക്ക് 37 വരെ സീറ്റുകളില്‍ മാത്രമാണ് സർവ്വേ ഏജന്‍സി സാധ്യത കാണുന്നത്. സ്വതന്ത്രർക്കും ചെറുകക്ഷികള്‍ക്കും അഞ്ച് മുതല്‍ ഒമ്പത് വരെ സീറ്റുകളും ലഭിച്ചേക്കും.

കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി സഖ്യമായിട്ടാണ് ബി ജെ പി ഇത്തവണ മത്സരിച്ചത്. സഖ്യത്തിന്റെ ഭാഗമായി ബി ജെ പി 68 സീറ്റുകളിലും എ ജെ എസ് യു 10 സീറ്റുകളിലും മത്സരിച്ചു. ജെ ഡി യു 2 സീറ്റിലും എല്‍ ജെ പി (രാവിലാസ്) - 1 എന്നിങ്ങനെയുമായിരുന്നു സഖ്യത്തിലെ മറ്റ് കക്ഷികളുടെ മത്സരം.
ഭരണമുന്നണിയിലേക്ക് വരികയാണെങ്കില്‍ ഇത്തവണയും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചത് ഹേമന്ത് സോറന്റെ ജെ എം എമ്മാണ്. 43 മണ്ഡലങ്ങളിലാണ് പാർട്ടി ജനവിധി തേടുന്നത്. കോണ്‍ഗ്രസ് 30 സീറ്റിലും ആർ ജെ ഡി 7 സീറ്റിലും സി പി ഐ - എംഎല്‍ 4 സീറ്റിലും മത്സരിച്ചു. പ്രധാന സഖ്യ കക്ഷികള്‍ക്ക് പുറമെ ബി ജെ പി, ജെ എല്‍ കെ എം, സി പി എം, എ എസ് പി (കാന്‍ഷി റാം), എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) എസ് പി, സി പി ഐ പാർട്ടികളും മത്സര രംഗത്തുണ്ടായിരുന്നു.












Click it and Unblock the Notifications