'തിരിച്ചടിച്ച് ഹേമന്ത് സോറന്‍': ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ജാർഖണ്ഡ് പോലീസ്
റാഞ്ചി: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ജാർഖണ്ഡ് പോലീസ്. മുഖ്യമന്ത്രി ഹേമന്ത് സോറനെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് അദ്ദേഹത്തിൻ്റെ പ്രതിച്ഛായക്ക് ഭംഗം വരുത്തിയെന്ന് കാട്ടിയാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരായ പൊലീസ് നടപടി. ഡൽഹിയിലെ വസതിയിൽ നടന്ന ഇഡി റെയ്ഡിനെക്കുറിച്ച് സോറൻ പോലീസിന് പരാതി നൽകിയതിനെ തുടർന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്നാണ് ജാർഖണ്ഡ് പോലീസ് വ്യക്തമാക്കുന്നത്.
എസ്‌സി/എസ്ടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാല്‍ എഫ് ഐ ആർ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല. 'മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ പരാതിയിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്' റാഞ്ചി എസ്പി ചന്ദൻ സിൻഹ പറഞ്ഞു. 'എസ്എച്ച്ഒ (റാഞ്ചിയിലെ എസ്‌സി/ടി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ) എനിക്ക് നൽകിയ വിവരമനുസരിച്ച്, മുന്‍കൂട്ടി അറിയിക്കാതെ ഡൽഹിയിലെ വസതിയിൽ എത്തിയ ഇഡി ഉദ്യോഗസ്ഥർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് തൻ്റെ പ്രതിച്ഛായ മോശമാക്കിയെന്ന് മുഖ്യമന്ത്രി പരാതിയിൽ പറയുന്നു' ചന്ദൻ സിൻഹ കൂട്ടിച്ചേർത്തു.

താൻ ഝാർഖണ്ഡിൽ വന്നതിന് ശേഷമാണ് പണമിടപാടുകളെയും ബിഎംഡബ്ല്യു കാർ പിടിച്ചെടുത്തു എന്നതിനെ കുറിച്ചും മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചിരുന്നത്. അവ ഒന്നും തൻ്റേതല്ലാത്തതിനാൽ തെറ്റായ വിവരമാണ് ഇതെല്ലാമെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും സിൻഹ പറഞ്ഞു. എഫ്ഐആർ വായിച്ചുകഴിഞ്ഞാൽ മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ കാര്യം പറയാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സോറനെ ഇഡി ചോദ്യം ചെയ്യുന്ന ദിവസമാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരായ കേസും രജിസ്റ്റർ ചെയ്യുന്നത്. ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിനിടെ അധിക സുരക്ഷ ആവശ്യപ്പെട്ട് ഇഡി ജാർഖണ്ഡ് സർക്കാറിന് കത്ത് അയക്കുകയും ചെയ്തിരുന്നു. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോറന്റെ മൊഴി രേഖപ്പെടുത്താന്‍ ഇഡി ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റാഞ്ചിയിലെ സോറന്റെ ഔദ്യോഗിക വസതിയിയിലെത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസം ഇ ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി സോറന്റെ ഡൽഹിയിലെ വസതിയിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്തിയിരുന്നില്ല. 24 മണിക്കൂറായി മുഖ്യമന്ത്രിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഇഡി അറിയിച്ചതോടെ സോറനെ കാണാതായതായുള്ള പ്രചരണവും ശക്തമായി. എന്നാല്‍ ഇതിനിടെ ചൊവ്വാഴ്ച റാഞ്ചിയിലെ വസതിയിൽനിന്നു ഗവർണർ സി പി രാധാകൃഷ്ണന്റെ ഔദ്യോഗിക വസതിയിലേക്കു സോറനെത്തുകയായിരുന്നു.












Click it and Unblock the Notifications