ജാർഖണ്ഡ് സമരം: ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, പരീക്ഷകൾ റദ്ദാക്കി, ക്രമക്കേടിൽ അന്വേഷണം
റാഞ്ചി: പരീക്ഷാ ക്രമക്കേടിന് എതിരെ റാഞ്ചിയില്‍ കഴിഞ്ഞ 24 ദിവസങ്ങളായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ട് മടക്കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ക്രമക്കേട് ആരോപണം ഉയര്‍ന്ന എല്ലാ പരീക്ഷകളും റദ്ദാക്കുന്നതിനൊപ്പം 2014 മുതലുളള പരീക്ഷകളില്‍ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചു.
ജാര്‍ഖണ്ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അടക്കം സര്‍ക്കാര്‍ ജോലിയിലേക്കുളള പരീക്ഷകളും റിക്രൂട്ട്‌മെന്റുകളും അടക്കമാണ് റദ്ദാക്കിയത്. ഈ പരീക്ഷകള്‍ റദ്ദാക്കണം എന്നുളളതും പരീക്ഷാ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നുളളതുമായിരുന്നു സമയം ചെയ്യുന്ന യുവാക്കളുടെ പ്രധാന ആവശ്യങ്ങള്‍.
പരീക്ഷാ ക്രമക്കേടില്‍ സിഐഡി അന്വേഷണം ആണ് സോറന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതാവ് രവീന്ദ്ര പാസ്വാന്‍ വ്യക്തമാക്കി.

പ്രധാനപ്പെട്ട പോരാട്ടം അവസാനിച്ചിരിക്കുകയാണെന്നും എന്നാല്‍ ആവശ്യങ്ങള്‍ ഇനിയും നേടിയെടുക്കാനുണ്ടെന്നും രവീന്ദ്ര പാസ്വാന്‍ പറഞ്ഞു. അതേസമയം ദിവസങ്ങളായുളള നിരഹാര സമരം വിദ്യാര്‍ത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ അവസാനിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മഹാതോയെ റാഞ്ചിയിലെ സര്‍ദാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ടിഡിപിഎല്‍ പബ്ലിഷ് ചെയ്ത എല്ലാ പരീക്ഷാ ഫലങ്ങളും റദ്ദാക്കുന്നതിനൊപ്പം ടിഡിപിഎല്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തത് അടക്കമുളള എല്ലാ നടപടികളും ഇതോടെ റദ്ദാക്കപ്പെട്ടതായി ഹേമന്ദ് സോറന്‍ അറിയിച്ചു. പരീക്ഷകളുമായി ബന്ധപ്പെട്ട് 2014 മുതല്‍ സംഭവിച്ച ചെറുതും വലുതുമായ എല്ലാ ക്രമക്കേടുകളും സിഐഡി അന്വേഷണത്തിന്റെ പരിധിയില്‍ വരും. മാത്രമല്ല സംസ്ഥാനത്തെ പരീക്ഷാ പരിഷ്‌ക്കരണത്തിന് ഐഎഎസ് ഓഫീസര്‍ അമിതാഭ് കൗശല്‍ ചെയര്‍മാനായ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി ഹേമന്ദ് സോറന് കത്ത് നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ സമാധാനപരമായാണ് 24 ദിവസങ്ങളായി സമരം ചെയ്യുന്നതെന്നും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നുമാണ് രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ സോറന്‍ സര്‍ക്കാരിനുളള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.



Click it and Unblock the Notifications