ആദിവാസികള്‍ ഒന്നടങ്കം സോറനൊപ്പം നിന്നു; ബിജെപിക്ക് തൊട്ടതെല്ലാം പിഴച്ചു
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഭരണത്തുടര്‍ച്ച നേടിയിരിക്കുകയാണ് ഹേമന്ത് സോറനും ജെഎംഎമ്മും. ബിജെപിയെ സംബന്ധിച്ചിടത്തോളം അടുത്ത കാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ജാര്‍ഖണ്ഡിലേത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് ജയിലിടച്ചിടത്ത് നിന്ന് ബിജെപി സംസ്ഥാനത്ത് കരുനീക്കം ആരംഭിച്ചിരുന്നു.
എന്നാല്‍ അവിടെ തൊട്ട് ബിജെപിക്ക് കാര്യങ്ങള്‍ കൈവിട്ടു. കള്ളപ്പണക്കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഹേമന്ത് സോറന്‍ പൂര്‍വാധികം ശക്തിയോടെയാണ് പിന്നീടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയത്. അതിനിടെ ഹേമന്ത് സോറന്‍ ജയിലിലായപ്പോള്‍ മുഖ്യമന്ത്രി പദവി വഹിച്ച ചമ്പായ് സോറനെ ബിജെപി തങ്ങള്‍ക്കൊപ്പമെത്തിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗ്ലാദേശി കുടിയേറ്റത്തെ കുറിച്ച് സംസ്ഥാനത്ത് ഭീതി വിതച്ചു.

അതേസമയം ഇതിനെയെല്ലാം സമര്‍ത്ഥമായി നേരിടാന്‍ ഹേമന്ത് സോറന് സാധിച്ചു. ഭാര്യ കല്‍പ്പന സോറനും ഹേമന്തിനൊപ്പം ജാര്‍ഖണ്ഡിന്റെ മുക്കിനും മൂലയിലും എത്തി. 200 ലധികം റാലികളോടെ ഹേമന്തും കല്‍പനയും അവരുടെ ക്ഷേമ പദ്ധതികള്‍ക്ക് അനുകൂലമായി വോട്ട് തേടി. ഹേമന്തിന്റെ അറസ്റ്റിനെത്തുടര്‍ന്ന് വോട്ടര്‍മാര്‍ വലിയ തോതില്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നതോടെ കാര്യമായ ഗോത്രവര്‍ഗ പിന്തുണ സമാഹരിക്കാന്‍ അദ്ദേഹത്തിനായി.
മയ്യാ സമ്മാന്‍ യോജന, 18-50 വയസിനിടയിലുള്ള എല്ലാ അധഃസ്ഥിതരായ സ്ത്രീകള്‍ക്കിം 1,000 രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, 40 ലക്ഷം കുടുംബങ്ങളുടെ 3500 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളല്‍ 1000 മുതല്‍ 40 ലക്ഷം വരെ പെന്‍ഷന്‍ സാര്‍വത്രികമാക്കല്‍ എന്നിവയ്ക്ക് വലിയ പിന്തുണ ലഭിച്ചു. ആദിവാസി മേഖലകളില്‍ ബിജെപിക്ക് കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല.
ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം ബിജെപി വലിയ രീതിയില്‍ പ്രചരിപ്പിച്ച 18 സീറ്റുകളുള്ള സന്താല്‍ പര്‍ഗാന ഡിവിഷനില്‍ എന്‍ഡിഎയ്ക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഒമ്പത് സീറ്റുകളുള്ള പലാമു ഡിവിഷനില്‍ ബിജെപി നാലെണ്ണം നേടി. 25 സീറ്റുകളുള്ള നോര്‍ത്ത് ഛോട്ടാനാഗ്പൂരില്‍ ബിജെപിയും സഖ്യകക്ഷികളും 14 സീറ്റുകള്‍ നേടി. 15 സീറ്റുകളുള്ള സൗത്ത് ചോട്ടനാഗ്പൂര്‍ ഏരിയയില്‍ ബിജെപി രണ്ടെണ്ണം നേടി.
14 സീറ്റുകളുള്ള കോല്‍ഹാന്‍ ഏരിയയില്‍ ബിജെപിയും സഖ്യകക്ഷികളും മൂന്ന് സീറ്റുകള്‍ നേടി. സംസ്ഥാനത്ത് ബിജെപി 21 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ നാല് സീറ്റുകള്‍ കുറവാണിത്. മത്സരിച്ച 68 സീറ്റുകളില്‍ 33.18 ശതമാനം വോട്ട് വിഹിതം നേടിയ അവര്‍ക്ക് ഒരു ആദിവാസി സംവരണ സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. സഖ്യകക്ഷികളായ എജെഎസ്യു മത്സരിച്ച 10 സീറ്റില്‍ ഒരു സീറ്റും എല്‍ജെപി (രാം വിലാസ്) മത്സരിച്ച ഒരു സീറ്റിലും ജയിച്ചു.
ജെഡിയു മത്സരിച്ച രണ്ടിടത്ത് ഒന്നില്‍ ജയിച്ചതോടെ എന്‍ഡിഎയുടെ ആകെ അംഗസംഖ്യ 24 ആയി. മറുവശത്ത് ജെഎംഎം 34 സീറ്റുകള്‍ നേടി. 2019 ലെ സീറ്റിനേക്കാള്‍ നാലെണ്ണം കൂടുതലാണിത്. കോണ്‍ഗ്രസ് 16 സീറ്റ് നിലനിര്‍ത്തി. മറ്റ് ഇന്ത്യന്‍ ബ്ലോക്ക് സഖ്യകക്ഷികളില്‍ ആര്‍ജെഡി നാലുംം സിപിഐ (എം-എല്‍) (എല്‍) രണ്ടും സീറ്റ് നേടി.












Click it and Unblock the Notifications