ജാര്‍ഖണ്ഡിലും വിദ്യാര്‍ത്ഥി പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭയ്ക്കുള്ളിലേക്ക് കടക്കാന്‍ ബാരിക്കേഡുകള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. നിയമന പരീക്ഷകളില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ നിയമസഭാ ഉപരോധം പ്രഖ്യാപിച്ചത്.
പൊലീസ് തടഞ്ഞാല്‍ അവരുമായി തര്‍ക്കിക്കരുത്, പകരം അച്ചടക്കത്തോടെ നിയമസഭയിലെത്താന്‍ മറ്റ് വഴികള്‍ കണ്ടെത്തുക എന്നായിരുന്നു നിരാഹാര സമരം നടത്തിയിരുന്ന വിദ്യാര്‍ത്ഥി നേതാവ് ദേവേന്ദ്ര മഹാതോ പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിനുകളിലും ബസുകളിലും മറ്റ് വാഹനങ്ങളിലുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ തലസ്ഥാന നഗരിയിലെത്തിയിരുന്നു.

'സര്‍ക്കാര്‍ ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കുകയും അതിനനുസരിച്ച് പ്രതികരിക്കുകയും വേണം,' ഒരു വിദ്യാര്‍ത്ഥി എന്‍ഡിടിവിയോട് പറഞ്ഞു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ എന്നിവ നടത്തിയ നിയമന പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയാണ് വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പ്രധാന കാരണമായത്.
16 ദിവസമായി തുടരുന്ന സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയും വിവിധ സമര സംഘടനകളും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ നിയമസഭാ മാര്‍ച്ച് പ്രഖ്യാപിച്ചത്. ആരോപിക്കപ്പെട്ട ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ഉറച്ച നിലപാട് കാരണം, ഇന്നലെ നടന്ന ആറാം ഘട്ട ചര്‍ച്ചയിലും പരിഹാരമൊന്നും ഉണ്ടായില്ല.
അതേസമയം ആവശ്യങ്ങളില്‍ 98 ശതമാനവും അംഗീകരിച്ചതായി അവകാശപ്പെട്ട സംസ്ഥാന സര്‍ക്കാര്‍, സമരം പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, റദ്ദാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ട 13 പരീക്ഷകളില്‍ മൂന്നെണ്ണം മാത്രം ഒഴിവാക്കാനാണ് സര്‍ക്കാര്‍ സമ്മതിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ജെപിഎസ്‌സി-ജെഎസ്എസ്‌സി റിഫോംസ് മഞ്ച് നേതാവ് രവീന്ദ്ര പാസ്വാന്‍ വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായി ആറ് പേര്‍ ഇപ്പോഴും നിരാഹാര സമരം തുടരുകയാണ്. നിയമന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സോറന്‍ നേരത്തെ സമരക്കാരെ ഉറപ്പുനല്‍കിയിരുന്നു. നിയമന പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും സംബന്ധിച്ച് സിഐഡി സമന്‍സ് അയച്ചതിനെത്തുടര്‍ന്ന് ജെപിഎസ്‌സിയിലെ മൂന്ന് അംഗങ്ങള്‍ കൂടി ഇന്നലെ രാജിവെച്ചിരുന്നു.
ജെപിഎസ്‌സി ചെയര്‍പേഴ്‌സണ്‍ എല്‍. ഖിയാംഗ്‌തെ ജൂലൈ 22-ന് രാജിവെച്ചിരുന്നു. അതേസമയം നഗരത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രധാന ജംഗ്ഷനുകളിലും തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റാഞ്ചിയിലെ മിക്ക സ്‌കൂളുകളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. തലസ്ഥാനത്തേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി, ജില്ലാ അതിര്‍ത്തികളിലും പ്രധാന റോഡുകളിലും ഹൈവേകളിലും ബസുകളും സ്വകാര്യ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു. അതേസമയം, മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിക്ക് പുറത്ത് ബിജെപി നേതാക്കളും പ്രതിഷേധം നടത്തുന്നുണ്ട്.





Click it and Unblock the Notifications