പ്രണയിച്ചയാളെ വിവാഹം കഴിക്കണം; പെണ്‍കുട്ടി 150 അടി ഉയരത്തിലുള്ള ഇലട്രിക് പോസ്റ്റില്‍
സരായ്‌കേലാ: പ്രണയിച്ചയാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് 150 അടി ഉയരമുള്ള ഇലക്ട്രിക് ടവറില്‍ കയറിയ പെണ്‍കുട്ടി നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി. ജാര്‍ഖണ്ഡിലെ സരായ്‌കേലാ ജില്ലയിലാണ് ബോളിവുഡ് സിനിമ ഷോലെയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പ്രണയനാടകം അരങ്ങേറിയത്. (ഷോലെയില്‍ കാമുകിക്കുവേണ്ടി നായകന്‍ ധര്‍മേന്ദ്ര വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ഭീഷണി മുഴക്കുന്നുണ്ട്).
ജോര്‍ദിഹ ഗ്രാമവാസിയായ പെണ്‍കുട്ടി കഴിഞ്ഞദിവസം വൈകിട്ട് 3.30ഓടുകൂടിയാണ് 150 ഉയരമുള്ള ഇലക്ട്രിക് ടവറില്‍ കയറിയതെന്ന് പറയുന്നു. നാലുമണിയോടെയാണ് ഗ്രാവവാസികള്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നതോടെ ഗ്രാമത്തിലും സമീപ പ്രദേശത്തുമുള്ളവര്‍ സ്ഥലത്തെത്തി. ആംബുലന്‍സുമായി പോലീസും വലിയ വലയുമായി ഫയര്‍ഫോഴ്‌സും കുതിച്ചെത്തി.

മാണിക് ബസാര്‍ ഗ്രാമത്തിലെ വിജയ് ദാസുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി മുകളില്‍ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. കാമുകനെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കിട്ടാണ് പെണ്‍കുട്ടി അറ്റകൈ പ്രയോഗത്തിനായി ടവറിനുമുകളില്‍ വലിഞ്ഞു കയറിയത്.
പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം വീട്ടുകാരെയും കാമുകനെയും പോലീസ് സ്ഥലത്തെത്തിച്ചു. ഏത് ആവശ്യവും നിറവേറ്റാമെന്ന് ഇരുകൂട്ടരും അറിയിച്ചതോടെ 6.30ന് പെണ്‍കുട്ടി താഴെയിറങ്ങി. അവശനിലയിലായിരുന്ന ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ചതായി പോലീസ് ഓഫീസര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്നും അവര്‍ സന്തോഷവതിയാണെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications