ബോളിവുഡിന്റെ തീരാ വേദന; ഓര്‍മ്മകളില്‍ ഇന്നും ജിയ ഖാന്‍, ആ മരണത്തിന്റെ കാരണം എന്താണ്
മുംബൈ: ബോളിവുഡ് സിനിമ ലോകത്തെ പിടിച്ചുകുലുക്കിയ കേസുകളില്‍ ഒന്നായിരുന്നു നടി ജിയ ഖാന്റെ ആത്മഹത്യ. നടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ കാമുകനും ആദിത്യ പഞ്ചോളിയുടെ മകനുമായ സൂരജ് പഞ്ചോളിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ സൂരജ് പഞ്ചോളിക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തു. ജുഹുവിലെ വസതിയില്‍ വച്ച് തുങ്ങിമരിക്കുമ്പോള്‍ സൂരജ് പഞ്ചോളിക്കെതിരെ ആറ് പേജുള്ള ആത്മഹത്യ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പാണ് കേസിന് ആധാരം.
നിശബ്ദ്, ഗജിനി, ഹൗസ്ഫുള്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ജിയ ഖാന്‍ അഭിനയിച്ചിരുന്നു. കൂടാതെ ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ അടക്കമുള്ള നിരവധി സൂപ്പര്‍ താരങ്ങളോടൊപ്പവും ജിയ അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ ജിയയുടെ മരണം ബോളിവുഡ് സിനിമ ലോകത്തെ ഞെട്ടിച്ചിരുന്നു.
ആദിത്യ പഞ്ചോളിയുടെ മകന്‍ സൂരജ് പഞ്ചോളിയാണ് ജിയാ ഖാന്‍ ആത്മഹത്യാ കേസിലെ പ്രധാന പ്രതികളിലൊരാള്‍. അദ്ദേഹത്തിനെതിരെ നടിയുടെ കുടുംബം മാനസിക പീഡനവും ശാരീരിക പീഡനവും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 2013 ജൂണ്‍ 2ന് ആയിരുന്നു ജുഹുവിലെ വീട്ടില്‍ ജിയ ഖാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് നടിക്ക് 25 വയസായിരുന്നു.

തന്റെ മുറിയിലെ സീലിംഗ് ഫാനില്‍ ഒരു മുഴം കയറിലാണ് ജിയ ഖാന്‍ തന്റെ ജീവിതം അവസാനിപ്പിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കണ്ടെത്തിയിരുന്നു. ജിയാ ഖാന്റെ മരണത്തിന് തൊട്ടുപിന്നാലെ, തന്റെ മകള്‍ക്ക് സൂരജ് പഞ്ചോളിയുമായി ബന്ധമുണ്ടെന്നും മരണത്തിന് ഉത്തരവാദി അദ്ദേഹമാണെന്നും അമ്മ റാബിയ ആരോപിച്ചു.
ഇരുവരുമായുള്ള ബന്ധത്തിനിടെ മാനസികമായും ശാരീരികമായും സൂരജ് പഞ്ചോളി പീഡിപ്പിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു. 2015 ജൂണ്‍ 7 ന് ആണ് ജിയാ ഖാന്റെ സഹോദരി തന്റെ വസതിയില്‍ നിന്ന് ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. സൂരജ് പഞ്ചോളിക്കെതിരെ നിരവധി ആരോപണങ്ങള്‍ ആ കത്തിലുണ്ടായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ജൂണ്‍ 11ന് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലായ് ഒന്നിന് ജാമ്യം ലഭിച്ച് സൂരജ് പഞ്ചോളി പുറത്തിറങ്ങി. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് സി ബി ഐ ഏറ്റെടുത്തു. ഇതോടൊപ്പം മരണം കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ 2014ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി ബി ഐ ഇത് തള്ളിക്കളഞ്ഞു. ജിയ മരിക്കുന്ന സമയത്ത് ശരീരത്തില്‍ മുറുവുകളുണ്ടെന്നും അതുകൊണ്ട് കൊലപാതക സാധ്യത പരിശോധിക്കണമെന്ന് ആരോപിച്ചാണ് കുടുംബം സി ബി ഐയെ സമീപിച്ചത്.
അതേസമയം, കേസില്‍ പത്ത് വര്‍ഷത്തിന് ശേഷം വിധി ഇന്ന് പ്രഖ്യാപിക്കുകയാണ്. സൂരജ് ഉള്‍പ്പെടെയുള്ള 22 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ജിയക്ക് ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍, ജിയയുടെ ഫ്ളാറ്റിലെ വാച്ച്മാന്‍, സൂരജിന്റെ സുഹൃത്തുക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications